കലയോളം കടലോളം...
text_fieldsആർത്തലക്കുന്ന കടലിനെ സാക്ഷിയാക്കി കൗമാരകേരളം കലയുടെ ചിറകുവിരിച്ചു. കോവിഡ് ദുരിതത്തെ പാട്ടിന് വിട്ട് ജീവിതതാളം തിരിച്ചു പിടിച്ച അന്തരീക്ഷത്തിൽ ആനന്ദം നടനമാടി, ആഘോഷം താളമിട്ടു. നൂലിൽകോർത്ത മാലപോലെ കലാഹൃദയങ്ങൾ ഒന്നാവുന്ന സുന്ദരകാഴ്ച...
കോഴിക്കോട്: മഹാമാരി കവർന്നെടുത്ത രണ്ട് വർഷങ്ങൾക്കു ശേഷം അരങ്ങുണർന്ന സംസ്ഥാന സ്കൂൾ കലോത്സവത്തെ കോഴിക്കോട് വരവേറ്റത് ഉത്സവലഹരിയിൽ. പ്രധാന വേദിയായ വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയിലും തളിയിലെ സാമൂതിരി ഗ്രൗണ്ടിലും മിക്ക വേദികളിലും ജനത്തിരക്കേറി. സ്നേഹവും സൗഹൃദവും വിളമ്പി കോഴിക്കോട്ടുകാർ ഏറ്റെടുത്തുകഴിഞ്ഞു 61ാമത് കലോത്സവത്തെ..
ജനപ്രിയ ഇനങ്ങളായ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടവും ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്തവുമാണ് അതിരാണിപ്പാടമെന്ന് പേരിട്ട പ്രധാന വേദിയിൽ ആദ്യ ദിനം അരങ്ങേറിയത്. എച്.എസ്.എസ് വിഭാഗം ഭരതനാട്യവും എച്.എസ് വിഭാഗം മാർഗംകളിയും അരങ്ങേറിയ തളി മൈതാനിയിലും സദസ്സ് നിറഞ്ഞു.
കോൽക്കളിയും ദഫ്മുട്ടും കൊണ്ട് ഗുജറാത്തി ഹാളിലെ ബേപ്പൂർ വേദി നിറഞ്ഞപ്പോൾ നാടൻപാട്ടിന്റെ കൊട്ടിക്കയറ്റമായിരുന്നു ടൗൺഹാളിൽ. ഒന്നിനൊന്ന് മികച്ച പാട്ടുകൾക്കൊപ്പം സദസ്സും തിമിർത്താടി. ആർട്ട് ഗാലറി ജീവനക്കാരനായ മണികണ്ഠൻ തവനൂർ, നാണു പാട്ടുപുര, രജനി കടലുണ്ടി, റീജു ആവള, ധനേഷ് കാരയാട്, ഉദയൻ എന്നിവരും കാണികളിൽ ചിലരും പങ്കാളികളായി. നിറസദ്യയുമായി ക്രിസ്ത്യൻ കോളജിലെ ഊട്ടുപുരയും കോഴിക്കോടിന്റെ രുചിപ്പെരുമാ കാത്തു. കലോത്സവത്തിന്റെ താളംമുറുകുന്ന ദിവസങ്ങളിൽ വൻജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.