സംസ്ഥാന സ്കൂൾ കലോത്സവം: ഉയരുന്നത് ചരിത്രത്തിലെ വലിയ പന്തൽ; മുഖ്യവേദി വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ
text_fieldsകോഴിക്കോട്: കലയുടെ മഹാമേളത്തിന്റെ പന്തൽ വലുപ്പം കൊണ്ട് ചരിത്രം കുറിക്കും. ഹെലിപ്പാഡിലുയരുന്ന പന്തലെന്ന സവിശേഷതയും 61ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രത്യേകതയാവും. ടാറിട്ട നിലവും ഇരുമ്പുഷീറ്റിട്ട മേൽക്കൂരയുമാണ് കോഴിക്കോട്ടെ മേളക്കായി ഒരുങ്ങുന്നത്. വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ പന്തൽ നിർമാണം പകുതിയിലേറെ പൂർത്തിയായി.
60,000 ചതുരശ്ര അടിയിലാണ് ഇത്തവണ പ്രധാനവേദിയുള്ള പന്തൽ. നഗരത്തിൽനിന്ന് അൽപമകലെ പ്രധാന പന്തൽ ഉയരുന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. സാധാരണ മാനാഞ്ചിറ, ക്രിസ്ത്യൻ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മുഖ്യവേദി ഒരുക്കാറുള്ളത്. മാനാഞ്ചിറയിൽനിന്ന് അഞ്ചര കിലോമീറ്റർ അകലെയാണ് മുഖ്യ പന്തൽ.
നിരവധി സൈനിക പരേഡുകൾ നടന്ന മണ്ണിലാണ് ഇത്തവണ കലയുടെ കേളികൊട്ട്. അതിലേറെ പ്രത്യേകത അനവധി ദേശീയനേതാക്കൾ കോഴിക്കോടിന്റെ മണ്ണിലേക്ക് പറന്നിറങ്ങുന്ന ഹെലിപ്പാഡിലാണ് പന്തലെന്നതാണ്. ഹെലിപ്പാഡ് മുഴുവൻ പന്തലിടുകയാണ്.
15000 പേർക്ക് ഇരിക്കാവുന്നതാണ് പന്തൽ. ഇത്രയും നീളം കൂടിയ പന്തലും ചരിത്രത്തിലാദ്യത്തേതാണ്. സാധാരണ 35000 ചതുരശ്ര അടിയിലാണ് പന്തലിടാറുള്ളത്.
പന്തലിൽ സാംസ്കാരിക നേതാക്കൾ ഇല്ല
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യപന്തലിൽ മൺമറഞ്ഞ നേതാക്കളുടെയും സാംസ്കാരിക നേതാക്കളുടെയും ഛായാചിത്രങ്ങൾ ഇത്തവണയില്ല. കഴിഞ്ഞ തവണ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കലോത്സവത്തിലാണ് ഈ തീരുമാനം വന്നത്.
ഇത് പലപ്പോഴും വിവാദങ്ങൾക്ക് കാരണമാവുമായിരുന്നു. ഇതൊഴിവാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഛായാചിത്രങ്ങൾ വേണ്ടെന്നുവെച്ചത്. അതേ സമയം ചമയങ്ങൾ പൂർണമായും ഒഴിവാക്കില്ല.
ഓലപ്പന്തൽ ഓർമ
മാസങ്ങൾ നീളുന്ന പന്തൽ നിർമാണം. അതും കവുങ്ങും ഓലയും മുളയും ഒക്കെവെച്ച് കമനീയമായ ഏഴുനില പന്തൽ. അരക്കോടി രൂപവരെ ചെലവ് ഉണ്ടായിരുന്നു. അതൊക്കെ ഇനി പഴങ്കഥ. 1970 മുതലാണ് കലോത്സവത്തിന് കൂറ്റൻ പന്തലുകൾ ഉയർന്നുതുടങ്ങിയത്. കോഴിക്കോട്ട് അവസാനം വന്ന മേളക്കും ഓലപ്പന്തലായിരുന്നു.
24000 ഓല കൊണ്ടു വന്നാണ് അന്ന് പന്തൽ നിർമിച്ചതെന്ന് നിർമാണക്കരാറുകാരനായ ഉമർ ചെറുതുരുത്തി പറഞ്ഞു. ഇനിയതൊന്നും പ്രായോഗികമല്ല. 20 ലക്ഷത്തോളം രൂപ ചെലവുവരുന്ന പന്തലാണ് ഇത്തവണ ഉയരുന്നത്. ഇരുമ്പുപൈപ്പും തകരഷീറ്റും ഉപയോഗിച്ച് നിർമിക്കുന്ന ആംഗ്ലർ പന്തലാണ് ഇത്തവണ. ഇതിന് കുഴിയെടുക്കേണ്ടതില്ല. വേഗം പണി പൂർത്തിയാക്കാനാവും. രണ്ടും മൂന്നും പ്രധാനവേദികൾ സാമൂതിരി സ്കൂൾ ഗ്രൗണ്ടിലും സ്കൂൾ അങ്കണത്തിലുമാണ്. ജർമൻ പന്തലാണ് ഇവിടെ ഉയരുക.
ചതുപ്പെന്താവുമാവോ
പൊടിപാറില്ല എന്നത് ഇത്തവണത്തെ മുഖ്യവേദിയുടെ പ്രത്യേകതയാവും. പന്തൽ ടാറിട്ട നിലത്താണ്. ചുറ്റും ചതുപ്പാണ്. ഇവിടെ ചവിട്ടിയാൽ നല്ല പതമാണ്. പക്ഷേ, മഴ പെയ്താൽ എന്താവുമെന്ന് കണ്ടറിയണം. മണ്ണ് നിരത്തുമെന്ന് പറയുന്നുണ്ടെങ്കിലും അതെത്രത്തോളം പ്രായോഗികമാവുമെന്നത് സംശയമാണ്. ഏതായാലും ചതുപ്പിലെ പുല്ല് കരിയിച്ചും വെട്ടിയും നശിപ്പിച്ചിട്ടുണ്ട്.
പ്രവേശനത്തിന് ഏക ജാലകം
മേളയുടെ നഗരിയിലേക്ക് നിലവിൽ ഒരു വഴിയേ ഉള്ളൂ. വിക്രം മൈതാനിയിലെ 15 അടി വീതിയുള്ള ഗേറ്റ്. മറ്റൊരു വഴിക്കായി സംഘാടകർ അനുമതി തേടുകയാണ്. ചുറ്റുമതിൽ പൊളിച്ച് വഴി നിർമിക്കാനൊന്നും സൈനികവിഭാഗത്തിന്റെ അനുമതിയില്ല. എഫ്.സി.ഐ ഗോഡൗൺ റോഡിൽ മതിലിന് മുകളിലൂടെ റാംപ് നിർമിക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.