സ്‌കൂൾ കലോത്സവം: പരാജയം ഉൾക്കൊള്ളാൻ മക്കളെ പ്രാപ്തരാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി മൂന്നിന് ആരംഭിക്കാനിരിക്കെ രക്ഷിതാക്കൾക്ക് നിർദേശവുമായി ഹൈകോടതി. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് കാര്യമെന്ന് കോടതി വ്യക്തമാക്കി.
കലോത്സവത്തിലെ പരാജയം ഉൾക്കൊള്ളാൻ മക്കളെ രക്ഷിതാക്കൾ സജ്ജരാക്കണം. രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടേക്കും. കലോത്സവങ്ങൾ ആർഭാടത്തിന്‍റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുതെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
ദരിദ്ര ചുറ്റുപാടുകളിൽ നിന്ന് വരുന്ന കഴിവുള്ള പല കുട്ടികൾക്കും ഭാരിച്ച ചെലവുകൾ താങ്ങാൻ സാധിക്കാറില്ല. ഇക്കാര്യം കൂടി അപ്പീലുകളുമായി കോടതിയിലെത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ മനസിലാക്കണമെന്നും കോടതി പറഞ്ഞു.
കലോത്സവവുമായി ബന്ധപ്പെട്ട് അപകടമുണ്ടായാൽ സംഘാടകർക്കെതിരെ നടപടിയെടുക്കണമെന്ന് പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഹൈകോടതി നിർദേശം നൽകി. സ്റ്റേജുകൾ കുറ്റമറ്റതായിരിക്കണമെന്നും മത്സരാർഥികളുടെ പ്രകടനത്തെ ബാധിക്കുന്ന ഒന്നും തന്നെ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.