സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി മൂന്നുമുതൽ ഏഴുവരെ കോഴിക്കോട്ട്
text_fieldsകോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി മൂന്നു മുതൽ ഏഴുവരെ കോഴിക്കോട്ട് നടക്കും. അഞ്ചുനാൾ 25 വേദികളിലായി 239 ഇനങ്ങളിൽ പതിനാലായിരത്തോളം പ്രതിഭകളാണ് മേളയിൽ മാറ്റുരക്കുക. വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനമാണ് മുഖ്യവേദി. 61ാമത് സ്കൂൾ കലോത്സവത്തിനാണ് കോഴിക്കോട് വേദിയാവുന്നത്. 1960, 1976, 1987, 1994, 2002, 2010, 2015 വർഷങ്ങളിലായി നേരത്തേ ഏഴുതവണ കലോത്സവത്തിന് ജില്ല ആതിഥ്യമരുളിയിട്ടുണ്ട്. മേളയുടെ വിജയകരമായ നടത്തിപ്പിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയർമാനും പൊതു വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ ജനറൽ സി.എ. സന്തോഷ് ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു.
കോവിഡിനെ തുടർന്ന് രണ്ടുവർഷത്തെ ഇടവേള കഴിഞ്ഞെത്തുന്ന മേളയെ വൻ വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് ആരംഭിച്ചത്. മേളയിൽ ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന ജില്ലക്ക് 117.5 പവനിൽ രൂപകൽപന ചെയ്ത സ്വർണക്കപ്പാണ് സമ്മാനം. ഒരു കുട്ടിക്ക് മൂന്നു വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ് ഇനങ്ങളിലും പങ്കെടുക്കാം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിഭാഗത്തിലുള്ളവരാണ് സംസ്ഥാന മേളയിൽ മാറ്റുരക്കുന്നത്. സംഘാടക സമിതി രൂപവത്കരണ യോഗം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതിയുടെ ക്രമീകരണങ്ങൾ പൊതു വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ ജനറൽ സി.എ. സന്തോഷ് അവതരിപ്പിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ, മേയർ ഡോ. ബീന ഫിലിപ്പ്, എം.കെ. രാഘവൻ എം.പി തുടങ്ങിയവർ സംസാരിച്ചു.
എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ. വിജയൻ, കെ.പി. കുഞ്ഞമ്മദ്കുട്ടി, കെ.കെ. രമ, ലിന്റോ ജോസഫ്, കെ.എം. സച്ചിൻദേവ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ്, സിറ്റി പൊലീസ് മേധാവി എ. അക്ബർ, ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസ് രാഷ്ട്രീയ, വ്യാപാരി, വ്യവസായ, അധ്യാപക, യുവജന സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു സ്വാഗതവും വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ് കുമാർ നന്ദിയും പറഞ്ഞു.
സമ്മാനത്തുക വർധന പരിഗണനയിൽ
കോഴിക്കോട്: അടുത്ത വർഷം മുതൽ കലോത്സവ വിജയികൾക്കുള്ള സമ്മാനത്തുക വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കും. മത്സരങ്ങൾ കൃത്യസമയത്ത് ആരംഭിക്കും. കലോത്സവം നടത്താൻ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.