എട്ടു വർഷത്തിനു ശേഷം ടീച്ചറുടെ സ്നേഹത്തണലിൽ ചിലങ്ക കെട്ടി അഭിനവ്
text_fieldsകോഴിക്കോട്: അമ്മയുടെ സ്നേഹത്തോടെ ടീച്ചർ കട്ടക്ക് കൂടെ നിന്നപ്പോൾ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ചിലങ്കയണിയാനുള്ള അഭിനവിന്റെ മോഹത്തിന് സാഫല്യം. മഞ്ചേരി സി.എം.എച്ച്.എസ്.എസ് പൂക്കളത്തൂർ പ്ലസ് ടു വിദ്യാർഥിയാണ് അഭിനവ്. നൃത്ത പഠനം എന്ന സ്വപ്നം മൂന്നാം ക്ലാസിൽ അവസാനിച്ച അഭിനവിനെ നൃത്തം പഠിപ്പിച്ച് സ്കൂൾ കലോത്സവത്തിൽ എത്തിച്ചിരിക്കുകയാണ് മലയാളം അധ്യാപികയായ ആര്യ സുരേന്ദ്രൻ.
സ്കൂളിൽ നിന്ന് നൃത്ത ഇനങ്ങളിൽ പങ്കെടുക്കാൻ ആരും മുന്നിട്ടുവരാതിരുന്നപ്പോൾ അധ്യാപിക കുട്ടികളോട് ആർക്കും നൃത്ത മത്സരങ്ങളിൽ പങ്കെടുക്കേണ്ടെ എന്ന് ചോദിക്കുകയായിരുന്നു. അഭിനവ് നന്നായി നൃത്തം ചെയ്യുമെന്ന് കൂട്ടുകാർ പറയുകയും പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെന്ന് അഭിനവ് അറിയിക്കുകയും ചെയ്തതോടെ നൃത്തത്തിന് കളമൊരുങ്ങി.
അഭിനവിന് താത്പര്യമുണ്ടെങ്കിലും നൃത്ത പരിശീലനത്തിനുള്ള ചെലവ് തടസമായിരുന്നു. സ്കൂളിൽ നിന്ന് ചെറിയ ഫണ്ട് നൽകുമായിരുന്നെങ്കിലും അത് തികയുമായിരുന്നില്ല. തുടർന്ന് മറ്റ് ചെലവുകളെല്ലാം താൻ വഹിച്ചോളാമെന്ന ടീച്ചറുടെ ഉറപ്പിലാണ് അഭിനവ് ചിലങ്ക കെട്ടാനൊരുങ്ങിയത്.
കലകായിക ഇനങ്ങളിലെല്ലാം തത്പരയാണ് താനെന്ന് അധ്യാപിക ആര്യ പറഞ്ഞു. എല്ലാ കലോത്സവങ്ങളിലേക്കും കുട്ടികളെ തയാറാക്കുന്നത് താനാണ്. മുമ്പ് നൃത്തങ്ങളൊന്നും പഠിക്കാൻ സാധിക്കാത്തതിന്റെ വിഷമം ഇപ്പോൾ തീർക്കുകയാണ്. കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, വീണ, പാട്ട് എന്നിവ പഠിക്കുന്നുണ്ട്. മോഹിനിയാട്ടം ആശാ ശരത്തിന് കീഴിലാണ് പഠിക്കുന്നതെന്നും ആര്യ ടീച്ചർ പറഞ്ഞു.
പ്രമോദ് തൃപ്പനച്ചി -ശ്യം എന്നീ നൃത്താധ്യാപകരാണ് അഭിനവിനെ പഠിപ്പിച്ചത്. സാധാരണ നൃത്താധ്യാപകർ വാങ്ങുന്ന ഫീസൊന്നും വാങ്ങാതെയാണ് ഇവർ അഭിനവിനെ പഠിപ്പിച്ചത്. ഒരാഴ്ച കൊണ്ടാണ് സബ് ജില്ലയിലേക്ക് നൃത്തം പരിശീലിച്ചത്. ജില്ലയിലേക്ക് ഒരു മാസം കൊണ്ടും പഠനം പൂർത്തിയാക്കി. ജില്ലയിൽ രണ്ടാം സ്ഥാനമായിരുന്നു. തുടർന്ന് അപ്പീലിലൂടെയാണ് അഭിനവ് സംസ്ഥാനത്ത് മത്സരിക്കാനെത്തിയത്. ഇവിടെ എ ഗ്രേഡ് ലഭിച്ചെങ്കിലും ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കുട്ടിയേക്കാൾ മാർക്ക് വാങ്ങാനായില്ലെന്നതാണ് അഭിനവിന്റെ വിഷമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.