ആദിത്യാ, നീ ‘പെർഫക്റ്റ്; അസ്ഥിപൊട്ടലുകളടക്കം ശാരീരിക അവശതകൾ താണ്ടിയ ആദിത്യ അരങ്ങിൽ
text_fieldsകോഴിക്കോട്: ആദിരാവിന്റെയനാദി പ്രകൃതിയിൽ... ആരംഭമിട്ടോരസംസ്കൃത ചിന്തയിൽ... അയ്യപ്പപ്പണിക്കരുടെ ‘അഗ്നിപൂജ’ പാടിത്തുടങ്ങിയതോടെ, ചാരത്തിൽനിന്നുയർന്ന ഫിനിക്സ് പക്ഷിയെപ്പോലെ ആദിത്യ അരങ്ങിൽ ജ്വലിച്ചുയർന്നു; ‘ഓസ്റ്റിയോ ജനസസ് ഇംപെർഫെക്ട്’ എന്ന അപൂർവ ജനിതകാവസ്ഥയോടെ ജനിച്ച് 20 അസ്ഥിപൊട്ടലുകളെയും ശാരീരിക അവശതകളെയും അതിജീവിച്ച്.
ഹയർ സെക്കൻഡറി വിഭാഗം മലയാളം പദ്യം ചൊല്ലലിന്റെ അരങ്ങിലേക്ക് മറ്റു മത്സരാർഥികളെല്ലാം നടന്നുകയറിയപ്പോൾ അച്ഛന്റെ ചുമലിൽ കേറിയാണ് ആദിത്യ വേദിയിലെത്തിയത്. നിൽക്കാനും നടക്കാനും കഴിയാത്തതിനാൽ ഫൈബർ കസേരയിലിരുന്നാണ് ആദിത്യൻ കാഴ്ചക്കാരെ വണങ്ങി പദ്യമാരംഭിച്ചത്.
കൊല്ലം ഏഴാംമൈൽ സ്വദേശിയായ ആദിത്യനെ ജനിച്ചതുമുതൽ നന്നായൊന്ന് താലോലിക്കാൻപോലും ബന്ധുക്കൾക്ക് കഴിഞ്ഞിരുന്നില്ല. മറ്റു കുട്ടികളെ വാരിയെടുക്കുന്നപോലെ ആദിത്യനെ എടുത്തുപൊക്കിയാൽ അവന്റെ അസ്ഥികൾ ഒടിഞ്ഞുതൂങ്ങും. പിന്നെ വേദനകൊണ്ടുള്ള പുളച്ചിലാണ്. ഹോമിയോ ചികിത്സ തുടങ്ങിയതോടെ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ വലിയ പുരോഗതിയുണ്ട്.
പിതാവ് ടി.കെ. സുരേഷും മാതാവ് രഞ്ജിനിയും അതിശ്രദ്ധയോടെയാണ് മകനെ പരിചരിക്കുന്നത്. നാലുവർഷമായി ശാസ്ത്രീയ സംഗീതം പഠിക്കുന്ന ആദിത്യന്റെ ആദ്യ ഗുരു ശ്രീകുമാറും പിന്നീട് ശോഭനയും ഇപ്പോൾ തൃശൂരിലെ സനൽ കുമാറുമാണ്. നെടിയവിള വി.ജി.എസ്.എസ്.എ എച്ച്.എസ്.എസിലെ പ്ലസ്വൺ വിദ്യാർഥിയായ ആദിത്യ അടുത്തിടെ പാടിയ ‘മലരേ... മൗനമാ..’ എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
നിരവധി ടെലിവിഷൻ ഷോകളിലും സംസ്ഥാന ബാലോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മകനെ വലിയ പാട്ടുകാരനാക്കണം എന്നാണ് പിതാവിന്റെയും മാതാവിന്റെയും ആഗ്രഹം. പഠിച്ച് നല്ല ജോലി നേടുമെന്ന് ആദിത്യനും പറയുന്നു. വർഷങ്ങൾ നീണ്ട ചികിത്സയിലൂടെ അസ്ഥികൾ ഒടിയുന്നത് ഇല്ലാതായി
ഇനി കാലുകൾക്ക് ബലംകൂടി ലഭിച്ചാൽ നിൽക്കാനും നടക്കാനും കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട്. ആദിത്യനെ വേദിയിലെത്തിച്ചത് കാഴ്ചക്കാർക്ക് നോവായെങ്കിലും എന്നും ഇങ്ങനെയാണ് മകനെ സ്കൂളിലെത്തിക്കുന്നത് എന്നായിരുന്നു അമ്മ രഞ്ജിനിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.