ചെറിയാൻ ചൊല്ലിയത് നോവിന്റെ ബെയ്ത്തുകൾ
text_fieldsപിതാവ് മരിച്ചതിന്റെ നോവ് മാറിയിട്ടില്ല. കലോത്സവവേദിയിൽ വന്ന് ചങ്കിടറാതെ പാടാനായിരുന്നു ചെറിയാൻ ജെ. മുട്ടം എന്ന 13കാരന്റെ നിയോഗം. കോട്ടയം മണിമല സെന്റ് ജോർജ് എച്ച്.എസ്.എസിലെ ദഫ്മുട്ട് സംഘത്തിന് രിഫാഈ ബെയ്ത്തിലെ കീർത്തനങ്ങൾ ചൊല്ലിക്കൊടുക്കുമ്പോൾ ഇടക്കെപ്പോഴോ അവന്റെ മനഃമിടറി...
സംസ്ഥാന കലോത്സവത്തിലേക്ക് അപ്പൻ ഷിലു ജെ. മുട്ടത്ത് കൂടെ വരേണ്ടതായിരുന്നു. അത്രമേൽ ഇഷ്ടമായിരുന്നു അപ്പന് മകന്റെ ടീമിനൊപ്പം കലോത്സവവേദികളിലെത്താൻ. സബ്ജില്ല, ജില്ലതല മത്സരവേദികളിലെല്ലാം അപ്പൻ കൂടെയുണ്ടായിരുന്നു. സംസ്ഥാന കലോത്സവത്തിന് പോകാനുള്ള കാത്തിരിപ്പിനിടെയാണ് ഡിസംബർ 28ന് ഷിലു (52) പക്ഷാഘാതത്തെതുടർന്ന് മരിച്ചത്.
അപ്രതീക്ഷിത വിയോഗം ചെറിയാന് താങ്ങാവുന്നതിലേറെയായിരുന്നു. പക്ഷേ, മകൻ കലോത്സവത്തിന് പോകണമെന്ന് അമ്മ മേഴ്സിയാണ് നിർബന്ധിച്ചത്. അപ്പന്റെ ആഗ്രഹവും അതാണെന്ന് അവനും തോന്നി... കണ്ണുനിറഞ്ഞാണെങ്കിലും അവൻ പരിശീലനത്തിനെത്തി. കീർത്തനം ചൊല്ലിക്കൊടുക്കേണ്ട പ്രധാന ദൗത്യമുള്ളതിനാൽ അവനില്ലെങ്കിൽ ടീം മത്സരത്തിൽനിന്ന് പിന്മാറേണ്ടി വരുമായിരുന്നു.
‘അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വബറഖാത്തുഹു...’ എന്ന അഭിവാദ്യം സംഗീതാത്മകമായി അവതരിപ്പിച്ചാണ് ദഫ്മുട്ടിക്കളി തുടങ്ങിയത്. എല്ലാം മറന്ന് അവൻ പ്രാർഥനകളും കീർത്തനങ്ങളും ചൊല്ലിക്കൊടുത്തു. കൂട്ടുകാർ കൂടെപ്പാടിക്കളിച്ചു. മത്സരം കഴിഞ്ഞതോടെ എല്ലാരും ചെറിയാനെ അഭിനന്ദിക്കാനോടിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.