ഇന്ത്യ-പാക് യുദ്ധം, മടി, വസൂരി, പ്രളയം, കോവിഡ്...; കലോത്സവ മുടക്കികളെ പരിചയപ്പെടാം
text_fields61ാമത് സംസ്ഥാന സ്കൂൾ കലോത്സവമാണ് ഇപ്പോൾ കോഴിക്കോട് നടക്കുന്നത്. ഈ കാലയളവിനിടയിൽ ചില വർഷങ്ങളിൽ കലോത്സവം നടത്താനാകാതെ പോയിട്ടുമുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന യുദ്ധങ്ങൾ, വസൂരി പടർന്നുപിടിച്ച വർഷം, പ്രളയം, അടിയന്തരവസ്ഥ, കോവിഡ് എന്നിവ കാരണമൊക്കെ സ്കൂൾ കലോത്സവം മുടങ്ങിയിട്ടുണ്ട്. ഇതിൽ ഏറ്റവും രസകരമായ സംഗതി വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മടി കാരണവും കലോത്സവം മുടങ്ങിയിടുണ്ട് എന്നതാണ്.
1966,67,72,73 എന്നീ വർഷങ്ങളിൽ പാകിസ്താനുമായുള്ള യുദ്ധത്തെ തുടർന്ന് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ കാരണം ഈ വർഷങ്ങളിൽ കലോത്സവം നടന്നിട്ടില്ല. കലോത്സവം തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ തന്നെ നിന്നുപോയ സംഭവവും ഉണ്ടായിട്ടുണ്ട്. മൂന്നാമത്തെ കലോത്സവം പാലക്കാട് നഗരത്തിൽ വെച്ച് നടത്താനായിരുന്നു തീരുമാനം എടുത്തിരുന്നത്.
ആ സമയത്താണ് വസൂരി പടർന്നുപിടിക്കുന്നത്. പാലക്കാട് നഗരത്തിലും വസൂരി പടർന്നു. കലോത്സവം നടത്തിപ്പ് ആകെ ആശങ്കയിലായി. ഏറെ ചർച്ചകൾക്കും ആലോചനകൾക്കും ശേഷം പാലക്കാട് നഗരത്തിൽനിന്നും ചിറ്റൂരിലേക്ക് മാറ്റി.
അവസാനം പ്രളയം, കോവിഡ് എന്നിവയിലൂടെ നഷ്ടമായ കലോത്സവങ്ങൾ ഈ അടുത്താണെന്നത് എല്ലാവർക്കും അറിയാമല്ലോ. 1973ലും കലോത്സവം അരങ്ങേറിയില്ല. പക്ഷേ, അതിനുള്ള കാരണമാണ് ഏറ്റവും വിചിത്രമായി തോന്നുക. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും മടിയുമാണ് ആ വർഷം കലോത്സവം നടക്കാതിരിക്കാൻ കാരണം.
2018 ഡിസംബറിൽ ആലപ്പുഴ നടന്ന കലോത്സവം വെറും മൂന്ന് ദിവസം മാത്രമാണ് നടന്നത്. പ്രളയമാണ് അതിന് വിഘാതമായത്. പരിഷ്‍കരിച്ച മാന്വൽ പ്രകാരം ആയിരിക്കും അടുത്ത വർഷം മുതൽ കലോത്സവം അരങ്ങേറുക എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏഴ് ജില്ലകൾക്ക് വീതം രണ്ട് ഊട്ടുപുരകൾ ഉണ്ടാകുമെന്നും അടുത്ത വർഷം മുതൽ മത്സ്യ, മാംസ വിഭവങ്ങളും ഉൾപ്പെടുത്തും എന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
(കലോത്സവത്തെ കുറിച്ച് പഠനം നടത്തുന്ന ജി. അനൂപിന്റെ ശേഖരത്തിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.