1957ലെ ആദ്യ കലോത്സവത്തിൽ ഭക്ഷണ വിതരണം എങ്ങനെയായിരുന്നു എന്നറിയാം
text_fieldsസംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സ്യ മാംസ വിഭവങ്ങളും ഉൾപ്പെടുത്തണം എന്ന ആവശ്യം വിവിധ കോണുകളിൽനിന്നും ഉയർന്നിരിക്കുകയാണ്. അടുത്ത വർഷം മുതൽ കലോത്സവങ്ങളിൽ മാംസ വിഭവങ്ങളും വിതരണം ചെയ്യും എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തിൽ ആദ്യകാല കലോത്സവങ്ങളിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഭക്ഷണം നൽകിയത് എങ്ങനെയെന്ന് അറിയുന്നത് രസകരമായിരിക്കും.
1957 ജനുവരി 26,27 തീയതികളിലാണ് ആദ്യ സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറിയത്. എറണാകും ഗേൾസ് ഹൈസ്കൂൾ ആയിരുന്നു വേദി. കൃത്യമായ ആസൂത്രണങ്ങൾ ഒന്നുമില്ലാതെയായിരുന്നു കലോത്സവം. കേരളത്തിൽ അങ്ങോളിമിങ്ങോളമുള്ള 400 ഹൈസ്കൂൾ വിദ്യാർഥികളാണ് 1957ലെ കലോത്സവത്തിൽ പങ്കെടുത്തത്. ഇതിൽ 60 പെൺകുട്ടികളും ഉണ്ടായിരുന്നു.
12 ഇനങ്ങളിലായി 18 മത്സരങ്ങളാണ് അന്ന് എറണാകുളം ഗേൾസ് ഹൈസ്കൂളിൽ അരങ്ങേറിയത്. കേരളത്തിന്റെ അങ്ങേത്തലക്കൽനിന്നും ഇങ്ങേത്തലക്കൽനിന്നും കലോത്സവ വേദിയിൽ എത്താൻ 12 മണിക്കൂറിലധികം സമയം എടുക്കുമായിരുന്നു. ബസിലും ട്രെയിനിലും ആയിട്ടാണ് ആളുകൾ എത്തിയിരുന്നത്. ഇവർക്ക് ബസ്, മൂന്നാം ക്ലാസ് ട്രെയിൻ ടിക്കറ്റ് ചാർജ് എന്നിവ യാത്രാ ബത്തയായി നൽകിയിരുന്നു. കൂടുതൽ ദൂരത്തുനിന്നും വരുന്നവർക്ക് ഒരു രൂപ ഭക്ഷണത്തിനും അനുവദിച്ചിരുന്നു എന്ന് കലോത്സവ ചരിത്ര രേഖകളിൽ പറയുന്നു.
ആദ്യ കലോത്സവത്തിൽ ഭക്ഷണം തയ്യാറാക്കാനും വിതരണം ചെയ്യാനും ഒന്നും സൗകര്യം ഉണ്ടായിരുന്നില്ല. പങ്കെടുക്കാൻ എത്തിയ മത്സരാർത്ഥികൾക്കും അധ്യാപകർക്കും എറണാകുളം ഗേൾസ് ഹൈസ്കൂളിന് തൊട്ടടുത്തുള്ള ഹോട്ടലിൽ ഭക്ഷണം പറഞ്ഞ് എൽപിക്കുകയായിരുന്നു. അവിടേക്ക് പ്രത്യേക കൂപ്പൺ നൽകി ഭക്ഷണം കഴിക്കാൻ അയക്കുകയായിരുന്നു.
കലോത്സവത്തെ കുറിച്ച് ആഴത്തിൽ പഠനം നടത്തുന്ന ജി. അനൂപിന്റെ ശേഖരത്തിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.