കഥ സൊല്ലട്ടുമാ..? (ഇടുക്കിയിലെ മിടുമിടുക്കിയുടെ)
text_fieldsകോഴിക്കോട്: വയറുവേദനയിൽ പുളയുന്ന 10 വയസ്സുകാരി എലനെയും അടക്കിപ്പിടിച്ച് ഇടുക്കി വാഗമൺ ഏലപ്പാറയിൽനിന്ന് വണ്ടികയറിയ രാജേന്ദ്രനും കുടുംബവും ആദ്യമിറങ്ങിയത് കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലായിരുന്നു. ഹൃദയാഘാതം വന്ന് ആശുപത്രിയിലായ പിതാവ് ചൊടലയെ കണ്ടു. ‘‘ധൈര്യമായി പോയി വാ... അച്ഛന് രണ്ടു ദിവസം ഒന്നും സംഭവിക്കില്ല...’’ ഡോക്ടർ പറഞ്ഞു. ആ ഉറപ്പിന്‍റെ ബലത്തിലാണ് ഏലപ്പാറയിലെ കന്നുകാലി ഫാമിലെ കൂലിപ്പണിക്കാരനായ രാജേന്ദ്രനും കുടുംബവും കോഴിക്കോട്ടെ കലോത്സവ വേദിയിലേക്കു മലയിറങ്ങിയത്.
മൂത്ത മകൾ ദീക്ഷ സൊഹാലിയാണ് ഹൈസ്കൂൾ വിഭാഗം തമിഴ് പദ്യംചൊല്ലലിൽ ഇടുക്കിക്കായി മത്സരിക്കുന്നത്. 13 മണിക്കൂർ യാത്ര പിന്നിട്ട് പുലർച്ച നാലിനാണ് കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ രാജേന്ദ്രൻ, ഭാര്യ സോഫിയ, മക്കളായ ദീക്ഷ, എലൻ എന്നിവരെത്തിയത്. രാവിലെ എട്ടുമണിവരെ ബസ്സ്റ്റാൻഡിൽ തങ്ങി. പാൻക്രിയാസ് തകരാർ കാരണമുള്ള വയറുവേദനയാണ് എലന്.
അതു വകവെക്കാതെ എത്തിയ കുടുംബത്തിന്‍റെ വരവ് വെറുതെയായില്ല; ദീക്ഷക്ക് എ ഗ്രേഡ് കിട്ടി. യാത്രയിൽ വയറുവേദന അധികമായി തളർന്ന എലനെ അമ്മ സോഫിയ ഒക്കത്തെടുത്ത് നടന്നു. രാവിലെ ഒമ്പതിന് സെന്‍റ് ആന്‍റണീസ് യു.പി സ്കൂളിൽ നടന്ന മത്സരത്തിനൊടുവിൽ പ്രഖ്യാപനമെത്തിയപ്പോൾ എ ഗ്രേഡ്. ‘ഒമ്പതു വർഷത്തെ കാത്തിരിപ്പാണിത്. എല്ലാ വർഷവും മോള് മത്സരങ്ങളിൽ വിജയിച്ച് ജില്ലക്കുവേണ്ടി സമ്മാനം നേടുന്നത് പ്രതീക്ഷിക്കാറുണ്ട്’ -സന്തോഷക്കണ്ണീരോടെ രാജേന്ദ്രൻ പറഞ്ഞു.
ഏലപ്പാറ പഞ്ചായത്ത് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിലാണ് ദീക്ഷ പഠിക്കുന്നത്. കഥാപ്രസംഗം, കവിത, നൃത്ത മത്സരങ്ങളിലെ സ്ഥിരസാന്നിധ്യം. പ്രസംഗമത്സരങ്ങളിലെ മിടുക്കി. തൊഴിലാളികളുടെ എസ്റ്റേറ്റ് ലായത്തിലാണ് കുടുംബത്തിന്‍റെ ജീവിതം. എത്രയും വേഗം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലെത്തണം. അച്ഛനോട് പറയണം ദീക്ഷക്ക് എ ഗ്രേഡ് കിട്ടിയെന്ന്. ധിറുതിയിൽ എലനെയുമെടുത്ത് രാജേന്ദ്രനും കുടുംബവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.