മൊയ്തീൻകോയക്ക് കോൽക്കളി വെറും കളിയല്ല
text_fieldsകോഴിക്കോട്: ഗുജറാത്തി സ്കൂളിലെ കോൽക്കളിവേദിയിലേക്ക് മത്സരാർഥികളും സംഘാടകരുമൊക്കെ വന്നുചേരുംമുമ്പെ 83 പിന്നിട്ട സി.വി. മൊയ്തീൻകോയ ഗുരുക്കൾ ഹാജർ. ഓർമയുടെ കോൽതാളങ്ങൾ തുടിക്കുന്ന ഹൃദയവുമായാണ് കൊയിലാണ്ടിയിൽനിന്ന് ഈ വയോധികന്റെ വരവ്.
കൈയിലെ പ്ലാസ്റ്റിക് കവറിൽ കുറെ നോട്ടുബുക്കുകളുണ്ട്. അതിൽ നിറയെ കോൽക്കളിപ്പാട്ടുകൾ. പലതും സ്വന്തമായി എഴുതിയത്. അതിലൊന്ന് പാടാൻ പറഞ്ഞപ്പോൾ സി.വിയുടെ ശബ്ദം യൗവ്വനച്ചിറകിലേറി. കടലാസിൽ കുറിച്ചിട്ടതിനെക്കാൾ വൃത്തിയിലും വെടിപ്പിലും പാട്ടുകൾ മനസ്സിൽ എഴുതിവെച്ചിട്ടുണ്ട്. സൂക്ഷ്മാഭ്യാസത്തിന്റെ കലയാണിത്. പഠിക്കാൻ നല്ല അധ്വാനമുണ്ട്. പഠിച്ചുകഴിഞ്ഞാൽ അത് ലഹരിപോലെയാണ്-സി.വിയുടെ വാക്കുകളിൽ 60 വർഷങ്ങൾക്കപ്പുറത്തെ സ്മരണകളുടെ മുറുക്കം.
16ാം വയസ്സിൽ കോൽക്കളി പഠിച്ചുതുടങ്ങി. 18 മുതൽ ഗുരുക്കളായി. അദ്ദേഹമെഴുതിയ പാട്ടുകൾ നിരവധി മത്സരവേദികളിൽ കുട്ടികൾ കളിച്ചുതിമിർത്തിട്ടുണ്ട്. കോഴിക്കോട് വെള്ളയിൽ ചേക്രീൻവളപ്പിൽകാരനായിരുന്നു മൊയ്തീൻകോയ. കല്ലായി, പന്നിയങ്കര യു.പി സ്കൂളുകളിലെ കുട്ടികൾക്ക് കോൽക്കളി പഠിപ്പിച്ചാണ് തട്ടകത്തിലിറങ്ങിയത്.
പഴയകാല ഗുരുക്കൻമാരായ ജിന്ന് മമ്മദ്കോയ, ഹസനിക്ക, ഇബ്രാഹീം ഗുരിക്കൾ തുടങ്ങിയവരിൽനിന്നാണ് ഈ കലാരൂപം സ്വായത്തമാക്കിയത്. മൂന്ന് വർഷം മുമ്പുവരെ കുട്ടികളെ കോൽക്കളി പഠിപ്പിക്കുമായിരുന്നു. ശാരീരിക പ്രശ്നം കാരണം ഇപ്പോൾ നിർത്തി.
എന്നാലും കലോത്സവങ്ങളിലെ കോൽക്കളി വേദികളിൽ നേരത്തെ എത്തും. തന്റെ ശിഷ്യഗണങ്ങളെ നേരിൽ കാണാനും സൗഹൃദംപുതുക്കാനും കൂടിയുള്ളതാണ് മൊയ്തീൻകോയക്ക് കലോത്സവങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.