നിര നിരയായി എ ഗ്രേഡുമായി നിരഞ്ജൻ
text_fieldsകലാപ്രതിഭയുടെ പൊലിമയിൽ എൻ.എസ്. നിരഞ്ജൻ എറണാകുളം ജില്ലയുടെ അഭിമാനമായി. എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ നിരഞ്ജൻ മത്സരിച്ച മൂന്നിനങ്ങളും എ ഗ്രേഡ് നേടിയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പഴയകാല കലാപ്രതിഭയുടെ പൊലിമയിൽ വേദി വിട്ടത്.
ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും എ ഗ്രേഡ് നേടിയ നിരഞ്ജൻ അവസാന ദിവസം കോഴിക്കോട് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ വേദി മൂന്നിൽ നിറഞ്ഞ സദസ്സിന്റെ കൈയടി വാങ്ങിയതോടെ കാണികളും ഉറപ്പിച്ചതാണ് എ ഗ്രേഡ്.
വിധി വന്നതോടെ ഒരു നർത്തകന്റെ ഏറ്റവും വലിയ സ്വപ്നമാണ് നിരഞ്ജന് കോഴിക്കോട് സ്കൂൾ കലോത്സവം സമ്മാനിച്ചത്; മത്സരിച്ച മൂന്നിനങ്ങളിലും എ ഗ്രേഡ്. ഓട്ടോ ഡ്രൈവറായ ഷിബുവിന്റെ രണ്ടാമത്തെ മകനാണ് നിരഞ്ജൻ. നൃത്തകേന്ദ്രത്തിൽ പരിശീലിക്കുന്ന രക്ഷിതാക്കൾ ചേർന്നാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനുള്ള ചെലവുകൾ വഹിച്ചതെന്നറിയുമ്പോഴാണ് കലയോടുള്ള നിരഞ്ജന്റെ അർപ്പണബോധം തെളിയുക.
മാതാവ് സുമിയും സഹോദരൻ ധനഞ്ജയനും എന്തിനും ഒപ്പമുള്ളതിനാൽ എല്ലാ പ്രതിസന്ധികളെയും എളുപ്പം മറികടന്ന് നൃത്തപരിശീലനത്തിന് കൂടുതൽ ശ്രദ്ധചെലുത്താൻ കഴിയുന്നുണ്ട്. നൃത്താധ്യാപകനായ സുനിൽ എളമക്കരയാണ് നിരഞ്ജനെ നൃത്തം പരിശീലിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.