പുഞ്ചിരിക്ക് കണ്ണാ; അച്ഛനുണ്ട് മേലെ...
text_fieldsകോഴിക്കോട്: രുഗ്മിണീ സ്വയംവരത്തിലെ കൃഷ്ണനായി മകൻ യദുകൃഷ്ണൻ അരങ്ങിലാടുമ്പോൾ നിറകണ്ണുകളോടെ കണ്ടിരിക്കുകയായിരുന്നു കലാമണ്ഡലം പ്രഷീജ. മകൻ എ ഗ്രേഡോടെ വിജയമധുരം പകർന്നപ്പോഴും ആ കണ്ണുകൾ തോർന്നില്ല.
അർബുദ ബാധിതനായി ആശുപത്രിക്കിടക്കയിൽ കഴിയവേ മകന് കളിമുദ്രകൾ പറഞ്ഞുനൽകിയിരുന്ന ഭർത്താവും പ്രശസ്ത കഥകളി കലാകാരനുമായ കലാനിലയം ഗോപിനാഥായിരുന്നു മനം മുഴുവൻ. ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിലെ അധ്യാപകനായിരുന്ന അദ്ദേഹം ഒക്ടോബർ 26ന് ഈ ലോകത്തോട് വിടപറഞ്ഞു.
കലോത്സവത്തിന് യദുകൃഷ്ണനെ അഭ്യസിപ്പിച്ചത് പിതാവായിരുന്നു. സംസ്ഥാനതലത്തിലെ അരങ്ങേറ്റം കാണാൻ അദ്ദേഹത്തിനായില്ല. ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് യദുകൃഷ്ണൻ. യദുകൃഷ്ണന്റെ മാത്രമല്ല, പ്രഷീജയുടെയും മൂത്ത മകൻ ഹരികൃഷ്ണന്റെയും ഗുരുവും ഗോപിനാഥാണ്.
കലാമണ്ഡലത്തിൽ നൃത്തം പഠിച്ച പ്രഷീജ വിവാഹ ശേഷമാണ് കഥകളി പഠിച്ചത്. മകൻ ഹരികൃഷ്ണൻ നാലുതവണ സംസ്ഥാന സ്കൂൾ കലോത്സവ വിജയിയായിരുന്നു. നാലുപേരും ഒന്നിച്ച് കഥകളി അവതരിപ്പിച്ചിട്ടുമുണ്ട്. ഇരിങ്ങാലക്കുടയിലെ വീടിനോടു ചേർന്ന് ശ്രീ ഭരതം നൃത്ത കലാക്ഷേത്രം നടത്തുകയാണ് പ്രഷീജ. ഹരികൃഷ്ണൻ ക്രൈസ്റ്റ് കോളജിൽ എം.എ വിദ്യാർഥിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.