ജീവിതം പെറുക്കിയെടുത്തൊരമ്മയും അച്ഛനും; കരിഷ്മയുടെ ‘മുതൽ മുതലായ് അമ്മാവുക്ക്’
text_fields15 വർഷങ്ങൾക്കുമുമ്പ് തമിഴ്നാട്, തിരുനെൽവേലി, വണ്ണിക്കോനേന്തൽ ഗ്രാമത്തിൽനിന്നും ഒരു പെണ്ണും ചെറുക്കനും കൂടി ജീവിതം പെറുക്കിയെടുക്കുന്നതിനായി മലയാളക്കരയിലെത്തി. ‘പെറുക്കികൾ’ എന്ന ഒറ്റവാക്കിൽ നമ്മളവരെ പരിഹസിച്ച് ആനന്ദിച്ചപ്പോൾ അവരീ തെരുവുകളിൽനിന്ന് സ്വന്തം ജീവിതം പെറുക്കികൂട്ടുകയായിരുന്നു. ശരവണനും കാളീശ്വരിയും ആ പരിഹാസ വിളികൾക്കൊക്കെയും അവർ മക്കളിലൂടെ ഇന്ന് മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മകൾ കരിഷ്മ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തമിഴ് പദ്യംചൊല്ലലിൽ സമ്മാനവുമായി മടങ്ങുന്നത്.
വണ്ണിക്കോനേന്തൽ എന്ന കുഗ്രാമത്തിൽനിന്ന് വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ശരവണനും കാളീശ്വരിയും കേരളത്തിലെത്തുന്നത്. കാസർകോട് ഉദിനൂരിൽ വാടകക്ക് താമസം തുടങ്ങി. ആക്രി സാധനങ്ങൾ ശേഖരിച്ചുവിൽക്കുന്ന തൊഴിലാണ് ശരവണന്. ശരവണന്റെ അച്ഛൻ ഏഴാം വയസിൽ നഷ്ടപ്പെട്ടതാണ്. ജീവിതായോധനവഴിയിൽ ഒന്നും തെളിയാതായതോടെയാണ് ഇവിടേക്ക് എത്തിയത്.
ഒമ്പതാം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള കാളീശ്വരിക്കും വലിയ ലോക പരിചയം ഒന്നുമില്ലായിരുന്നു. ശരവണനും കാളീശ്വരിയും മൂന്നുമക്കളും അടങ്ങുന്ന കുടുംബത്തിന് ഇന്നും ആക്രി തന്നെയാണ് ജീവിതമാർഗം. മക്കൾ കലാ രംഗത്ത് നല്ല കഴിവോടെ വളർന്നുവരണം എന്നാണ് അവരുടെ ആഗ്രഹം.
വൈരമുത്തുവിന്റെ ‘മുതൽ മുതലായ് അമ്മാവുക്ക്’ എന്ന കവിതയാണ് കരിഷ്മ ശരവണൻ തമിഴ് പദ്യം ചൊല്ലൽ മത്സരത്തിന് അവതരിപ്പിച്ചത്. എഴുത്തും വായനയും അറിയാത്ത അമ്മക്കായി വൈരമുത്തു എഴുതിയ അതിമനോഹര കവിത -‘ആയിരം താൻ കവി സൊന്നേൻ അഴകഴകായ് പൊയ് സൊന്നേൻ പെത്തവളേ ഉൻ പെരുമയ് ഒത്തവരി സൊല്ലലയ്...’-കരിഷ്മ ചൊല്ലിത്തീർന്നപ്പോൾ കാളീശ്വരിയുടെ കണ്ണുകൾ നിറഞ്ഞു.
കേരളത്തിലെ സ്കൂളിൽ തന്നെ തുടർ പഠനം നടത്തി ഇവിടെ തന്നെ ജീവിക്കണം എന്നാണ് ഈ കുടുംബം ആഗ്രഹിക്കുന്നത്. കരിഷ്മ കാസർകോഡ്, ഉദിനൂർ ജി.എച്ച്.എസ്.എസിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. ആദ്യമായാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തുന്നത്. തമിഴ്, മലയാളം, സംസ്കൃതം,ഇംഗ്ലീഷ് എന്നീ ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുമാണ്.
400 പ്രമുഖ വ്യക്തികളെ സംബന്ധിച്ച് എസ്.പി.സിക്കായി പഠന വീഡിയോയും കരിഷ്മ തയ്യാറാക്കിയിട്ടുണ്ട്. അനിയത്തി മാനസ ആറാം ക്ലാസിൽ പഠിക്കുന്നു. തൃക്കരിപ്പൂർ, സെന്റ് പോൾസ് എ.യു.പി സ്കൂളിലെ ‘ബാലവാണി’ എന്ന സ്കൂൾ റേഡിയോയിലെ അവതാരകയാണ് മാനസ. ഇരുവരുടെയും അനുജൻ നാല് വയസുകാരൻ ശ്രീ മാനസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.