ഈ നാദമാണ് ഇന്നീ കണ്ണുകളുടെ വെളിച്ചം
text_fieldsകോഴിക്കോട്: ഒരിക്കൽ ഈ അച്ഛൻ കണ്ട കാഴ്ചകളൊക്കെയും ഈ മകനെപ്പറ്റിയായിരുന്നു. താൻ തോറ്റുപോയ ജീവിത മത്സരങ്ങളിൽ തന്റെ മകനെ ജയിപ്പിക്കണമെന്ന വാശിയായിരുന്നു ജയരാജിന്. 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓടക്കുഴലിലും ക്ലാർനെറ്റിലും നാദസ്വരത്തിലും എച്ച്.എസ്.എസ് വിഭാഗത്തിൽ എ ഗ്രേഡോടെ വിജയിച്ച് ആദർശ് എത്തുമ്പോൾ ജയരാജിന്റെ സ്വപ്നവും ആഗ്രഹവുമാണ് സഫലമായത്. പക്ഷേ അത് നേരിൽ കാണാൻ ഇന്ന് ജയരാജിന്റെ കണ്ണുകളിൽ വെളിച്ചമില്ലെന്ന് മാത്രം.
മാനന്തവാടി പനവല്ലി ഗവ.എൽ.പി സ്കൂളിലെ അധ്യാപകനായ സി.ആർ. ജയരാജാണ് മകന് ആദർശ് രാജിന്റെ ഗുരു. കണ്ണിന്റെ ഞരമ്പിന് ബാധിച്ച രോഗം മൂലം കാഴ്ച പതിയെ പൂർണമായി നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതോടെയാണ് കീ ബോഡ്, ഹാർമോണിയം, ചെണ്ട, നാദസ്വരം, ഓടക്കുഴൽ, സാക്സഫോൺ, ക്ലാർനെറ്റ് തുടങ്ങിയവയിൽ അഗ്രഗണ്യനായ ജയരാജ് തന്റെ മകനും ചെറുപ്രായത്തിൽ തന്നെ നാദകലയുടെ ബാലപാഠങ്ങൾ പകർന്നുനൽകിയത്. ജയരാജിന്റെ പ്രതീക്ഷകൾ തെറ്റിയില്ല. അച്ഛനെക്കാളും കേമനെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ ആദർശിന് അധികകാലം വേണ്ടിവന്നില്ല.
രണ്ടരവർഷം മുമ്പാണ് കാഴ്ച പൂർണമായും ഈ അധ്യാപകനെ വിട്ടകന്നു. പക്ഷേ അകക്കണ്ണിന്റെ വെളിച്ചത്തിൽ ജയരാജ് മകനെ പരിശീലിപ്പിച്ചു. അവന്റെ നാദമായിരുന്നു ഈ അച്ഛനെ ഓരോ ദിവസവും മുന്നോട്ടുനയിച്ചത്. അമ്മ പനവല്ലി ഗവ. എൽ.പി സ്കൂളിലെ അധ്യപികയുമായ സീമയും ഇരുവർക്കും ഒപ്പം നിന്നു.
2019ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാദസ്വരത്തിനും ഓടക്കുഴലിനും എ ഗ്രേഡ് നേടിയ മാനന്തവാടി എം.ജി.എം എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥി ഇത്തവണ ക്ലാർനെറ്റും കൂടി കൈയിലെടുത്താണ് കോഴിക്കോട് സംഗീതവിസ്മയം തീർത്തത്.
സംഗീതത്തിലും ജീവിതത്തിലും ഒരിടത്തും കാലിടറാതെ കാക്കുന്ന ഈ അച്ഛനാണ് ഇന്നും ആദർശിന്റെ കരുത്ത്. ഭാവിയിൽ ആരാകണമെന്ന് ചോദിച്ചാൽ ആദർശ് പറയും ‘ചുണ്ടനക്കാതെ ചിരിക്കുകയും കണ്ണുനീർ പൊടിയാതെ കരയുകയും ചെയ്യുന്ന എന്റെ അച്ഛനെപ്പോലെയാകണം.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.