മിഥിലാജിൻെറ പറക്കമുറ്റാത്ത മക്കളെ നെഞ്ചോടുചേർത്ത് നേതാക്കൾ
text_fieldsകൊല്ലപ്പെട്ട മിഥിലാജിെൻറ മക്കളെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള എന്നിവർ സന്ദർശിക്കുന്നു
തിരുവനന്തപുരം: രാഷ്ട്രീയ ഗുണ്ടകളുടെ കൊലക്കത്തിക്കിരയായി അനാഥമായിത്തീർന്ന കുടുംബങ്ങൾക്ക് ആശ്വാസമായി നേതാക്കളും മന്ത്രിമാരും. കൊല്ലപ്പെട്ട മിഥിലാജിൻെറ വീട്ടിൽ ഇന്നലെ വൈകീട്ടോടെ എത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്‌ണനും എസ്. രാമചന്ദ്രൻ പിള്ളയും മിഥിലാജിൻെറ പറക്കമുറ്റാത്ത മക്കളെ നെഞ്ചോടുചേർത്ത് ആശ്വസിപ്പിച്ചു.ഇഹ്‌സാൻെറയും ഇർഫാൻെറയും കണ്ണീരുകൊണ്ട് കുതിർന്ന കണ്ണുകളെ ആശ്വസിപ്പിക്കാൻ പലപ്പോഴും വാക്കുകൾ കിട്ടാതായി ഇരുവർക്കും.
സഹോദരൻ നിസാമിൽനിന്ന് കുടുംബത്തിൻെറ സാമ്പത്തിക സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എല്ലാത്തിനും പാർട്ടി ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകിയാണ് മരണവീടിൻെറ പടികളിറങ്ങിയത്.
കൊല്ലപ്പെട്ട ഹഖ് മുഹമ്മദിെൻറ വീട് മന്ത്രി കെ.കെ. ശൈലജ സന്ദർശിച്ചപ്പോൾ
തുടർന്ന് കൊല്ലപ്പെട്ട ഹഖ് മുഹമ്മദിൻെറ വീട്ടിലെത്തിയ നേതാക്കൾ പിതാവ് അബ്‌ദുൽ സമദ്, മാതാവ് ഷാഹിദ എന്നിവരെ ആശ്വസിപ്പിച്ചു. ഒരുവയസ്സുകാരി മകൾ ഐറെയെ കൊടിയേരി താലോലിച്ചു. വാപ്പ നഷ്ടപ്പെട്ടതറിയാതെയുള്ള അവളുടെ ചിരികൾ കണ്ടുനിന്നവരെയെല്ലാം നെഞ്ചുലക്കുന്നതായിരുന്നു.
സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്‌ണൻ നായർ, മന്ത്രിമാരായ കെ.കെ. ശൈലജ, ജെ. മേഴ്‌സിക്കുട്ടിയമ്മ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും ആശ്വാസവചനങ്ങളുമായി ഇരുവരുടെയും വീടുകളിലെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.