ഓണ വിപണിക്ക് 500 കോടിവേണം; ധനവകുപ്പിന് മുന്നിൽ കൈനീട്ടി ഭക്ഷ്യവകുപ്പ്
text_fieldsതിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സാധനങ്ങൾ എത്തിക്കാനും ഓണം മേളകൾ സംഘടിപ്പിക്കാനുമായി 500 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് ധനവകുപ്പിന് കത്ത് നൽകി. ഓണക്കാലത്തേക്ക് സപ്ലൈകോക്ക് 100 കോടിയാണ് അനുവദിച്ചത്. 13 ഇനം സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാൻ കരാറുകാർക്കുള്ള കുടിശ്ശികയിൽ പകുതിയെങ്കിലും നൽകണം. 680 കോടിയാണ് നൽകാനുള്ളത്. ഓണക്കാലത്ത് സഹകരിക്കണമെന്ന ആവശ്യവുമായി തിങ്കളാഴ്ച വിതരണക്കാരുമായി ഭക്ഷ്യവകുപ്പ് ചർച്ച നടത്തിയെങ്കിലും അനുകൂല മറുപടി ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിലാണ് 500 കോടി രൂപ ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടത്. ഇത്തവണയും ഓണക്കിറ്റ് 5.87ലക്ഷം മഞ്ഞകാർഡുകാർക്കും 28,683 ക്ഷേമസ്ഥാപന അന്തേവാസികൾക്കും മാത്രമാക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ, ഇതിനുപോലും സാധനങ്ങൾ സപ്ലൈകോ ഔട്ട്ലെറ്റുകളിലില്ല. ഓണക്കാലത്ത് നീല, വെള്ള റേഷൻ കാർഡുകാർക്ക് കൂടുതൽ അരി അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാർ അടുത്ത ആഴ്ച തീരുമാനമെടുക്കും. കൂടുതൽ അരി അനുവദിക്കണമെന്ന് ഭക്ഷ്യവകുപ്പ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിൽ നിലവിലെ സ്റ്റോക്ക് പരിശോധിച്ച് നടപടിയെടുക്കാനാണ് സംസ്ഥാന സർക്കാർ നീക്കം. മുൻവർഷങ്ങളിൽ ഓണക്കാലത്ത് സ്പെഷൽ അരിയായി കിലോക്ക് 10.9 രൂപ നിരക്കിൽ 10 കിലോ അരിയാണ് നീല, വെള്ള കാർഡുകാർക്ക് നൽകിയിരുന്നത്.
കേന്ദ്രവിഹിതം കുറഞ്ഞതോടെ കഴിഞ്ഞ വർഷം അഞ്ച് കിലോ അരിയാണ് മുൻഗണനേതര കാർഡുകാർക്ക് നൽകിയത്. ഈ ഓണക്കാലത്ത് എത്രകിലോ അരി നീല, വെള്ള കാർഡുകാർക്ക് സ്പെഷലായി അനുവദിക്കാൻ കഴിയുമെന്ന് പരിശോധിക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.