തോമസ് ചാണ്ടിയുടെ രാജി; തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ എൽ.ഡി.എഫ് ചുമതലപ്പെടുത്തി
text_fieldsതിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ എൻ.സി.പി രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് എൽ.ഡി.എഫ് യോഗം നിർദേശിച്ചു. അല്ലെങ്കിൽ ഉചിതമായ നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയനെ യോഗം ചുമതലപ്പെടുത്തി. ബുധനാഴ്ചക്കകം വിഷയത്തിൽ തീരുമാനമുണ്ടാകും. രാജിക്കാര്യം എൻ.സി.പി തീരുമാനിക്കണമെന്നും വൈകിപ്പിക്കരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
രാജി നീട്ടാൻ എൻ.സി.പി നടത്തിയ ശ്രമം മുന്നണി യോഗത്തിൽ വിജയം കണ്ടില്ല. ഘടകകക്ഷികൾ പൂർണമായി തോമസ് ചാണ്ടിയെ കൈവിട്ടതോടെ എൻ.സി.പിക്ക് നിലപാട് മാറ്റേണ്ടിവന്നു. ദേശീയ നേതൃത്വവുമായി ചർച്ച ചെയ്തശേഷം ചൊവ്വാഴ്ച സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ചേർന്ന് തീരുമാനം എടുക്കാമെന്ന് എൻ.സി.പി നേതൃത്വം അറിയിച്ചു. അതു യോഗം അംഗീകരിച്ചു. അതേസമയം, മന്ത്രിയെക്കുറിച്ച് ഉയർന്ന ആരോപണങ്ങളില്‍ കലക്ടറുടെ റിപ്പോര്ട്ടിൻമേല് എ.ജിയുടെ നിയമോപദേശം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയോട് ശിപാര്‍ശ ചെയ്തതെന്ന് കൺവീനർ വൈക്കം വിശ്വൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. തോമസ് ചാണ്ടിക്കെതിരെ ഭൂമി കൈയേറ്റ വിഷയത്തിൽ കലക്ടറുടെ റിപ്പോർട്ടും അതിനെ അടിസ്ഥാനപ്പെടുത്തിയ നിയമോപദേശവും എതിരായതിനെ തുടർന്നാണ് വിഷയം ചർച്ച ചെയ്യാൻ എൽ.ഡി.എഫ് അടിയന്തര യോഗം ചേർന്നത്. രണ്ടര മണിക്കൂറോളം നീണ്ട യോഗം അവസാനിപ്പിച്ചപ്പോൾ സി.പി.െഎ നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു. തോമസ് ചാണ്ടി രാജിെവക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാജിെവക്കാതെ എവിടെ പോകാൻ എന്ന പരസ്യമായ പ്രതികരണമാണ് സി.പി.െഎ നേതാവ് കെ.ഇ. ഇസ്മായിലിൽനിന്നുണ്ടായത്.
എൽ.ഡി.എഫ് യോഗത്തിനുമുമ്പ് എൻ.സി.പി നേതാക്കളായ മാണി സി. കാപ്പൻ, സുള്‍ഫിക്കര്‍ മയൂരി എന്നിവർ രാവിലെ തോമസ് ചാണ്ടിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ എ.കെ.ജി സെൻററിൽ സി.പി.എം നേതാക്കളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ വിഷയത്തിൽ ഉഭയകക്ഷി ചർച്ചയും നടത്തി.
എൽ.ഡി.എഫ് യോഗം ആരംഭിക്കുന്നതിനു മുമ്പ് തോമസ് ചാണ്ടി എം.എൽ.എ ഹോസ്റ്റലിലെത്തി എ.കെ. ശശീന്ദ്രൻ എം.എൽ.എ, ടി.പി. പീതാംബരൻ മാസ്റ്റർ എന്നിവരെ കണ്ടു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും രാജിെവക്കേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാടിൽ തോമസ് ചാണ്ടി ഉറച്ചുനിന്നു. ഇതംഗീകരിച്ച് രാജിയില്ലെന്ന നിലപാടുമായി എൽ.ഡി.എഫ് യോഗത്തിെനത്തിയ എൻ.സി.പിക്ക് പിന്നാക്കം പോകേണ്ടിവന്നു. എ.കെ. ശശീന്ദ്രൻ, പീതാംബരൻ മാസ്റ്റർ, തോമസ് ചാണ്ടി എന്നിവരാണ് പാർട്ടിയെ പ്രതിനിധാനം ചെയ്ത് യോഗത്തിൽ പെങ്കടുത്തത്. എ.കെ. ശശീന്ദ്രൻ കുറ്റമുക്തനായാൽ തോമസ് ചാണ്ടി രാജിവെക്കുമെന്ന നിലപാട് എൻ.സി.പി നേതാക്കൾ കൈക്കൊെണ്ടങ്കിലും കോടതി വിധി വരെയൊന്നും കാത്തിരിക്കാനാകില്ലെന്നും രാജിയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും സി.പി.െഎ ശക്തമായ നിലപാട് സ്വീകരിച്ചു.
സർക്കാർ നടപടി ചോദ്യം ചെയ്ത് തോമസ്ചാണ്ടി കോടതിയെ സമീപിച്ചത് ശരിയായില്ലെന്ന് ജനതാദൾ -എസും അഭിപ്രായപ്പെട്ടു. സി.പി.എമ്മും കോൺഗ്രസ് -എസും ഇൗ അഭിപ്രായങ്ങളെ പരോക്ഷമായി പിന്തുണച്ചതോടെ എൻ.സി.പി. പ്രതിരോധത്തിലായി. അതിനിടയിൽ ഇക്കാര്യത്തിൽ എൻ.സി.പി തന്നെ തീരുമാനമെടുക്കെട്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്നാണ് എത്രയും പെെട്ടന്ന് എൻ.സി.പി തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രി ഉചിതമായ നടപടി കൈക്കൊള്ളണമെന്നും നിർദേശിച്ച് യോഗം പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.