പണിയെടുക്കാത്തവർക്ക് കെ.എസ്.ആർ.ടി.സിയിൽ ശമ്പളമില്ല -ടോമിൻ തച്ചങ്കരി
text_fieldsകോഴിക്കോട്: പണിയെടുക്കാത്തവർക്ക് ഇനിമുതൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളമുണ്ടാകില്ലെന്ന് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരി. ജോലി ചെയ്താലും ഇല്ലെങ്കിലും ശമ്പളം ലഭിക്കുന്ന കാലം കഴിഞ്ഞു. ഇതിെൻറ പേരില്‍ സംഘടിത പ്രതികരണമുണ്ടായാലും അത് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.എം.ഡി ആയി ചുമതലയേറ്റശേഷം ആദ്യമായി മാവൂർ റോഡ് ടെർമിനലിലെത്തിയ തച്ചങ്കരി ജീവനക്കാർക്കായി സംഘടിപ്പിച്ച ഗാരേജ് മീറ്റിൽ സംസാരിക്കുകയായിരുന്നു. നഷ്ടക്കണക്കുകൾ അക്കമിട്ടു നിരത്തിയ തച്ചങ്കരി, ഇൗ രീതിയിൽ കോർപറേഷന് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് തുറന്നടിച്ചു.
യാത്രക്കാരായിരിക്കണം കോർപറേഷെൻറ പ്രഥമ പരിഗണന. എന്നാൽ, ജീവനക്കാരുടെ സൗകര്യത്തിനനുസരിച്ചാണ് ഇപ്പോൾ ഷെഡ്യൂളുകളടക്കം തീരുമാനിക്കുന്നത്. ഷെഡ്യൂൾ ഇടുന്നതിൽ യാത്രക്കാർക്കോ എം.ഡിക്കോ പോലും റോൾ ഇല്ല. 70 ശതമാനം സീറ്റുകളെങ്കിലും നിറയാതെ ബസുകൾ പുറപ്പെടരുത്. അതിെൻറ പേരിലുള്ള പ്രശ്നങ്ങൾ താൻ പരിഹരിക്കും. 250ഒാളം ബസുകൾ ഡ്രൈവറും കണ്ടക്ടറുമില്ലാതെ നിരത്തിലിറങ്ങാത്ത സാഹചര്യമുണ്ട്. 17,000 കണ്ടക്ടർമാരും അത്രതന്നെ ഡ്രൈവർമാരും ഉള്ളപ്പോഴാണിത്. ഇക്കാര്യങ്ങൾ വേണ്ട സ്ഥലത്ത് അറിയിക്കാൻ യൂനിറ്റ് ഒാഫിസർമാർക്ക് നെട്ടല്ലില്ലെന്ന് തച്ചങ്കരി പറഞ്ഞു.
തന്നെ അനുസരിക്കുകയാണെങ്കില്‍ മാസാവസാനം ശമ്പളം നല്‍കാന്‍ തയാറാണ്. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാമെന്ന് താൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല. എന്നാൽ, നിലവിലെ ഭീകരമായ നഷ്ടം കുറക്കാനാണ് ശ്രമം. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കില്ല^അദ്ദേഹം കൂട്ടിേച്ചർത്തു. കോഴിക്കോട് സോണൽ ഒാഫിസർ ജോഷിജോൺ, ട്രാൻസ്പോർട്ട് ഒാഫിസർ അബ്ദുൽ നാസർ എന്നിവർ തച്ചങ്കരിയെ സ്വീകരിച്ചു. ‘ജയ് കേരളം, ജയ് ജയ് കെ.എസ്.ആർ.ടി.സി’ എന്ന മുദ്രാവാക്യം ജീവനക്കാരെകൊണ്ട് വിളിപ്പിച്ചാണ് തച്ചങ്കരി പ്രസംഗം അവസാനിപ്പിച്ചത്.
‘അലവന്‍സ് വാങ്ങുന്നത് മൃതദേഹത്തില്‍നിന്ന് അരഞ്ഞാണം അഴിച്ചുമാറ്റുന്നതുപോലെ’
കനത്ത നഷ്ടത്തിലുള്ള കെ.എസ്.ആർ.ടി.സിയിൽ മൃതദേഹത്തില്‍നിന്ന് അരഞ്ഞാണം അഴിച്ചുമാറ്റുന്നതുപോലെയാണ് തൊഴിലാളികള്‍ അലവന്‍സ് വാങ്ങുന്നതെന്ന് സി.എം.ഡി ടോമിൻ തച്ചങ്കരി. എനിക്കെന്തു പ്രയോജനം, ഞാൻ, ഞാൻ എന്ന മനോഭാവമാണ് ജീവനക്കാർക്ക്. കേരളത്തിൽ ഏറ്റവും കൂടുതൽ നഷ്ടം വരുത്തുന്ന പൊതുമേഖല സ്ഥാപനമാണിത്.
5,000 ബസുകൾ ദിവസവും നിരത്തിലിറക്കുന്ന കെ.എസ്.ആർ.ടി.സിക്ക് 180 കോടിയാണ് മാസത്തിൽ ലഭിക്കുന്നത്. ഇതിൽ 95 കോടിയോളം ഡിസൽ ഇനത്തിൽ ചെലവഴിക്കുന്നു. ഡീസൽ വില വർധിച്ചത് ഇരുട്ടടിയായതിനാൽ ഇപ്പോൾ 100 കോടിയോളം ഇന്ധന ഇനത്തിൽ മാത്രം നൽകണം. 40 കോടി പലിശ അടക്കാനും വേണം. 86 കോടിയോളം പെൻഷനും ശമ്പളവും നൽകാൻ ചെലവാകുന്നു. അലവൻസുകൾക്കും മറ്റു ചെലവുകൾക്കും വേറെ തുക കണ്ടെത്തണം.
50 മുതല്‍ 60 ലക്ഷം വരെ രൂപയാണ് ഒരുമാസം അലവന്‍സായി ജീവനക്കാര്‍ വാങ്ങുന്നത്. കെ.എസ്.ആർ.ടി.സിയെ ദുരുപയോഗം ചെയ്യുന്നതിന് അതിരുണ്ട്. എല്ലാമാസവും സർക്കാറിെൻറ അടുത്തുചെന്ന് ശമ്പളം നൽകാൻ ഫണ്ടിനുവേണ്ടി തെണ്ടുകയാണ്^ജീവനക്കാർക്കായി സംഘടിപ്പിച്ച ഗാരേജ് മീറ്റിൽ തച്ചങ്കരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.