തിരുവനന്തപുരം ചുമതല ചെന്നിത്തല ഏറ്റെടുത്തേക്കും, നേതാക്കൾക്കെതിരെ അന്വേഷണം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂരിെൻറ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റെടുത്തേക്കുെമന്ന് സൂചന. തിങ്കളാഴ്ച മണ്ഡലത്തിലെ മുതിർന്ന നേതാക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തും.പ്രചാരണവുമായി ചില നേതാക്കൾ സഹകരിക്കുന്നില്ലെന്ന ആരോപണത്തെ തുടർന്നാണിത്.
തലസ്ഥാനത്തെ രണ്ട് പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ചാണ് ആരോപണം. ഹൈകമാൻഡ് അടക്കം ഇടപെട്ടതിെൻറ അടിസ്ഥാനത്തിൽ പാർട്ടിനേതൃത്വം അനൗപചാരിക അന്വേഷണവും തുടങ്ങി. തിരുവനന്തപുരം, വട്ടിയൂർക്കാവ്, പാറശ്ശാല, നേമം നിയമസഭ മണ്ഡലങ്ങളിൽ പ്രവർത്തനം നിർജീവമായെന്നും നേതാക്കളിൽ ചിലരാണ് പിറകിലെന്നുമായിരുന്നു ആരോപണം.
ഇതിനെതുടർന്ന് ചിലയിടങ്ങളിൽ പ്രചാരണത്തിന് വേഗമുണ്ടായി. മണ്ഡലത്തിലെ ചില ഭാഗങ്ങളിൽ പ്രചാരണം സജീവമായി. തെൻറ പേര് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടതിനെതിരെ വി.എസ്. ശിവകുമാർ എം.എൽ.എ ഡി.ജി.പിക്ക് പരാതിയും നൽകി. ഗ്രൂപ്പോരല്ല നിസ്സഹകരണത്തിന് കാരണം എന്നാണ് കെ.പി.സി.സി നേതൃത്വം വിലയിരുത്തുന്നത്.
കല്ലുകടിയില്ല, പരാതിപ്പെട്ടിട്ടില്ല –തരൂര്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ കല്ലുകടിയുണ്ടെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂര്‍.
മൂന്നാം വട്ടം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തെൻറ ഏറ്റവും മികച്ച പ്രചാരണമാണ് ഇത്തവണ. എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തകര്‍ പ്രചാരണത്തിൽ നിറഞ്ഞുനിൽക്കുന്നത് അഭിമാനകരമാണ്. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. താന്‍ പൂര്‍ണ സംതൃപ്തനാണെന്ന് തരൂര്‍ വാർത്താകുറിപ്പിൽ പറഞ്ഞു. കുപ്രചാരണം നടക്കുന്നതിൽ വിഷമമുണ്ട്. വ്യക്തിഹത്യയും അടിസ്ഥാനരഹിത ആരോപണങ്ങളും 30 വര്‍ഷം മുമ്പെഴുതിയ നോവലിലെ കഥാപാത്രത്തിെൻറ സംഭാഷണങ്ങളും മറ്റുമാണ് ഇത്തവണ മറ്റ് സ്ഥാനാർഥികള്‍ തനിക്കെതിരെ പ്രചരിപ്പിക്കുന്നത്. -തരൂര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.