ചെക്ക് പോസ്റ്റിലെ അഴിമതി കണ്ടു കണ്ണ് തള്ളി വിജിലൻസ്; മേശവിരിപ്പിനടിയിൽ പണം, രേഖ ഒപ്പിട്ടു നൽകുന്നത് പ്യൂൺ, പണം നൽകിയാൽ പരിശോധനയില്ല
text_fieldsകുമളി: കേരള -തമിഴ്നാട് അതിർത്തിയിലെ കുമളി ചെക്കു പോസ്റ്റിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് കോട്ടയത്തുനിന്നുള്ള വിജിലൻസ് സംഘം അതിർത്തി ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്ക് എത്തിയത്.
പരിശോധന പുലർച്ച വരെ നീണ്ടു. ചെക്ക് പോസ്റ്റിലെ വാഹന പരിശോധന വിഭാഗം ഓഫീസിലെ മേശയുടെ വിരിപ്പിനടിയിൽ ഒളിപ്പിച്ച 4500 രൂപ പരിശോധന സംഘം കണ്ടെത്തി. കൈക്കൂലിയായി ലഭിച്ച തുകയാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.മേശയ്ക്കുള്ളിലും പണം ഉണ്ടായിരുന്നെങ്കിലും ഇത് രേഖയിൽ ഉള്ളതാണോയെന്ന് വിജിലൻസ് സംഘം പരിശോധിച്ചു വരികയാണ്. ചെക്ക് പോസ്റ്റിലെ മൃഗസംരക്ഷണ വിഭാഗം ഓഫീസിൽ ഫീൽഡ് ഓഫീസർ 'ഒപ്പിട്ട് മുങ്ങിയതിനെ' തുടർന്ന് രേഖകൾ ഒപ്പിട്ട് നൽകുന്നത് പ്യൂൺ ആണെന്ന് കണ്ടെത്തി.
ഫൈൻ അടയ്ക്കാനുളള റ്റി.ആർ 5 ഉൾപ്പടെ രേഖകൾ ക്ലാസ്സ് ഫോർ ജീവനക്കാരൻ ഇഷ്ടപ്രകാരം പണം വാങ്ങി നൽകുന്നതായാണ് കണ്ടെത്തിയത്.ഇവിടെ രണ്ടു പേർ ഡ്യൂട്ടിയിൽ ഉണ്ടെന്ന് രേഖയിലുണ്ടെങ്കിലും ആരും ഓഫീസിലുണ്ടായിരുന്നില്ല. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന അറവുമാടുകളെയും വളർത്തുമൃഗങ്ങളേയും പരിശോധിച്ച് രോഗം ഇല്ലന്ന് ഉറപ്പാക്കി കടത്തിവിടാനാണ് അതിർത്തിയിൽ മൃഗസംരക്ഷണ വകുപ്പ് ഓഫീസ് പ്രവർത്തിക്കുന്നത്. എന്നാൽ, കന്നുകാലികളെ വാഹനങ്ങളിലെത്തി പരിശോധിക്കാതെ പണം വാങ്ങി ഓഫീസിൽ നിന്നും ഒപ്പിട്ടും അല്ലാതെയും സർട്ടിഫിക്കറ്റ് നൽകി കടത്തിവിടുകയാണ് ചെയ്തു വരുന്നതെന്നാണ് വിജിലൻസ് സംഘം കണ്ടെത്തിയത്.പരിശോധന നടക്കുന്നതിനിടെ ജീവനക്കാർക്ക് മദ്യം വാങ്ങി നൽകാനെത്തിയ ഓട്ടോ ഡ്രൈവറെ അന്വേഷണ സംഘം പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. വിജിലൻസ് കോട്ടയം റേഞ്ച് എസ് പി,വി.ജി.വിനോദ് കുമാറിൻ്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി.വി ആർ.വിനോദ് കുമാർ, സി ഐമാരായ റെജി കുന്നിപ്പറമ്പിൽ, സജു.കെ.ദാസ്, കെ.ആർ.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.