കുഞ്ഞിനെ ദത്ത് നൽകിയത് അനുപമയുടെ സമ്മതപ്രകാരമെന്ന് അജിത്തിന്‍റെ മുൻ ഭാര്യ
text_fieldsതിരുവനന്തപുരം: കുഞ്ഞിനെ മാതാവിൽ നിന്ന് വേർപ്പെടുത്തി സി.പി.എം നേതാവായ പിതാവും മാതാവും ചേർന്ന് ദത്ത് നൽകിയ സംഭവത്തിൽ പ്രതികരണവുമായി അജിത്തിന്‍റെ മുൻ ഭാര്യ നസിയ. കുഞ്ഞിനെ ദത്ത് നൽകിയത് അനുപമയുടെ സമ്മത പ്രകാരമെന്ന് നസിയ മാധ്യമങ്ങളോട് പറഞ്ഞു.
ദത്ത് നൽകുന്നതിന് തയാറാക്കിയ സമ്മതപത്രം തന്നെ അനുപമ കാണിച്ചിരുന്നു. അനുപമയും അച്ഛനും സമ്മതപത്രത്തിൽ ഒപ്പുവെച്ചിരുന്നു. അനുപമ ഗർഭിണിയാണെന്ന് മൂന്നാമത്തെ മാസം തന്നെ താൻ അറിഞ്ഞു. ആ സമയത്ത് അജിത്തിനും അനുപമക്കും ഒപ്പമാണ് താമസിച്ചിരുന്നത്. അജിത്തും അനുപമയും തമ്മിൽ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ല. അനുപമ സഹോദരിയെ പോലെയാണെന്ന് അജിത്ത് പറഞ്ഞിരുന്നതെന്നും നസിയ വ്യക്തമാക്കി.
അജിത്ത് തന്‍റെ ഡാൻസ് മാസ്റ്റർ ആയിരുന്നു. അജിത്തുമായുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതം നൽകിയിരുന്നില്ല. തന്‍റെ ഇഷ്ടപ്രകാരമാണ് വിവാഹം നടന്നത്. അജിത്ത് മാനസികമായി പീഡിപ്പിച്ചു. ഉപദ്രവം സഹിക്കാൻ പറ്റാത്തതിനെ തുടർന്ന് അയൽപക്കത്തെ വീട്ടിലാണ് പലപ്പോഴും താൻ കഴിഞ്ഞിരുന്നത്. തന്നെ വിളിച്ചു കൊണ്ട് പോകാൻ വീട്ടുകാരോട് ആവശ്യപ്പെട്ടു.
അനുപമയുടെ അച്ഛൻ ജയചന്ദ്രൻ വിളിച്ചത് പ്രകാരമാണ് അനുപമയെ പോയി കണ്ടത്. അജിത്തിന് വിവാഹമോചനം നൽകില്ലെന്ന് അനുപമയോട് അന്ന് പറഞ്ഞിരുന്നു. അജിത്തും താനും തമ്മിലുള്ള വിഷയത്തിൽ പാർട്ടി കൂടെ നിൽക്കാമെന്ന് പറഞ്ഞിരുന്നു.
എന്നാൽ, പാർട്ടിയെ അനുസരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം താൻ ഇറങ്ങി വരികയായിരുന്നു. ഇപ്പോൾ തന്നെ സഹായിക്കാൻ ആരുമില്ലെന്നും നസിയ വ്യക്തമാക്കി.
അതേസമയം, കുഞ്ഞിനെ ദത്ത് നൽകിയത് അനുപമയുടെ സമ്മത പ്രകാരമാണെന്ന മുൻ ഭാര്യ നസിയയുടെ ആരോപണത്തിന് മറുപടിയുമായി അജിത്തും അനുപമയും രംഗത്തെത്തി. നസിയയുടെ ആരോപണങ്ങൾക്ക് പിന്നിൽ സി.പി.എം ആണെന്ന് അനുപമ പറഞ്ഞു.
കുഞ്ഞിനെ ദത്ത് കൊടുത്ത വിഷയം വഴിതിരിച്ചു വിടാനാണ് നീക്കം. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് തന്‍റെ പിതാവ് ജയചന്ദ്രനും പാർട്ടി നേതാക്കളും ആണ്. മുമ്പും ഇത്തരം നീക്കങ്ങൾ പിതാവ് നടത്തിയിരുന്നു. അജിത്തിന് വിവാഹമോചനം നൽകരുതെന്ന് നസിയയോട് പിതാവ് ആവശ്യപ്പെട്ടിരുന്നു.
അടഞ്ഞ അധ്യായമായത് കൊണ്ട് ഇക്കാര്യങ്ങൾ താൻ ഇത്രയും കാലം പറയാതിരുന്നത്. നിയമപരമായി അജിത്തും നസിയയും വിവാഹമോചനം നേടിയവരാണ്. നസിയയെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്ന സി.പി.എം നേതൃത്വം അവരെ മുമ്പ് പിന്തുണച്ചിരുന്നു. തന്‍റെ കുഞ്ഞുമായി ബന്ധപ്പെട്ട കാര്യമല്ലിതെന്നും അനുപമ ചൂണ്ടിക്കാട്ടി.
കുഞ്ഞിനെ ദത്ത് നൽകിയ വിഷയം 10 ദിവസമായി പൊതുജന ചർച്ചയിലാണ്. ആ ദിവസങ്ങളിലൊന്നും ഇത്തരം ആരോപണവുമായി നസിയ വന്നിട്ടില്ല. കുഞ്ഞിനെ ദത്ത് നൽകാനുള്ള സമ്മതപത്രം താൻ നൽകിയെന്നാണ് പിതാവ് എല്ലാവരോടും പറയുന്നത്. ഇത് നസിയയോട് പറഞ്ഞതും അച്ഛൻ തന്നെയായിരിക്കുമെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
നസിയ പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നത് ജയചന്ദ്രനെ സംരക്ഷിക്കാനെന്ന് അജിത്തും പ്രതികരിച്ചു. ഒരു അമ്മ എന്ന വാത്സല്യം അനുപമയോട് കാണിച്ചത് വൃന്ദ കാരാട്ട് മാത്രമാണെന്നും അതിനുള്ള നന്ദി അവരോട് കാണിക്കുമെന്നും അജിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.