ബി.ജെ.പിയുടെ പരീക്ഷണശാലയിൽ എന്തു സംഭവിക്കും? എല്ലാ കണ്ണുകളും തൃശൂരിലേക്ക്
text_fieldsതൃശൂർ: കേരളം മാത്രമല്ല, ഒരുപക്ഷേ രാജ്യംതന്നെ താൽപര്യപൂർവം കാത്തിരിക്കുകയാണ്, തൃശൂർ ലോക്സഭ മണ്ഡലത്തിന്റെ വിധിയറിയാൻ. യു.ഡി.എഫിന് മണ്ഡലം നിലനിർത്തേണ്ടത് അഭിമാനപ്രശ്നമാണെങ്കിൽ സി.പി.ഐ സ്ഥാനാർഥി മത്സരിച്ച എൽ.ഡി.എഫിൽ കൂടുതൽ നെഞ്ചിടിപ്പ് സി.പി.എമ്മിനാണ്. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ പരീക്ഷണശാലയെന്ന് പറയാവുന്ന തൃശൂരിനെക്കുറിച്ച് അവർക്കുമുണ്ട് ഏറെ പ്രതീക്ഷ. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്നപോലെ പെട്ടിയിൽ വീണ വോട്ട് ആർക്കാണ് എന്ന് കൂട്ടിക്കിഴിച്ചിരിക്കാനും ഏറെ സമയം കിട്ടി. പുറമേക്ക് പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തിൽ മൂവരും മുന്നിലാണ്. അതേസമയം, ഉൾഭയം മൂന്നു കൂട്ടർക്കുമുണ്ട് എന്നതാണ് വസ്തുത. ത്രികോണ മത്സരമുണ്ടെന്നും ഇല്ലെന്നും ഉറപ്പിച്ചുപറയാനാവാത്തത്ര വീറും വാശിയും കണ്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾ ഇത്രയായിട്ടും ഉറപ്പിച്ചൊരു കണക്ക് പറയാനാവാത്ത വിധത്തിൽ സന്ദേഹത്തിന്റെ തുരുത്തിലാണ് മൂന്നു കൂട്ടരും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി തൃശൂർ ലോക്സഭ മണ്ഡലത്തിൽ വീണ്ടും കച്ചമുറുക്കാൻ ഒരുങ്ങിയിരിപ്പായിരുന്നു. ആദ്യം രംഗത്തിറങ്ങിയതും അദ്ദേഹംതന്നെ. എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന്റെ കാര്യത്തിലും വ്യക്തതയുണ്ടായിരുന്നു. യു.ഡി.എഫിലാകട്ടെ കോൺഗ്രസ് സ്ഥാനാർഥിയെന്ന് വിശ്വസിച്ച് സിറ്റിങ് എം.പി ടി.എൻ. പ്രതാപൻ സ്വയം പ്രവർത്തനം തുടങ്ങി അവസാന മിനിറ്റിൽ വന്ന മാറ്റം എന്തു ഫലം ചെയ്തുവെന്ന് അറിയാനുള്ള ദിവസമാണ് ജൂൺ നാല്. അതുകൊണ്ടുതന്നെ, നെഞ്ചിടിപ്പ് പുറമേക്ക് ഉറക്കെ കേൾക്കുന്നത് യു.ഡി.എഫിന്റേതാണ്.
തൃശൂരിലെ പോരാട്ടം വീറുറ്റതാക്കിയത് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്റെ സാന്നിധ്യമാണെന്ന കാര്യത്തിൽ തർക്കമില്ല. തഴക്കംചെന്ന അദ്ദേഹത്തിന്റെ പ്രവർത്തനരീതി ദഹിക്കാത്തവരും പിൻവലിഞ്ഞവരും പാർട്ടിയിലുണ്ട്. വോട്ടെടുപ്പിനുശേഷം മുരളീധരന്റേതായി, പിന്നീട് അദ്ദേഹം നിഷേധിച്ച ചില പ്രസ്താവനകളുടെ ‘ഭാരം’ പേറിയാണ് ഇക്കഴിഞ്ഞ ദിവസമത്രയും പാർട്ടിയിൽ ഒരു വിഭാഗം നേതാക്കളുടെ ജീവിതം. മുരളീധരൻ നിരന്തരം ആരോപിച്ച ‘സി.പി.എം-ബി.ജെ.പി ഡീൽ’ വോട്ടെടുപ്പിൽ പ്രതിഫലിച്ചോ എന്നതിനെക്കാൾ ആശങ്കയോടെ ഇവർ കാത്തിരിക്കുന്നത് ഫലം പ്രതികൂലമായാൽ വരാനിരിക്കുന്ന കൊടുങ്കാറ്റാണ്.
സി.പി.എമ്മിന് ബി.ജെ.പി ബന്ധം ആരോപിച്ച കോൺഗ്രസിന്റെയും മുരളീധരന്റെയും തന്ത്രം തൃശൂരിൽ മത്സരിച്ച സി.പി.ഐയിൽ ഒരു വിഭാഗത്തെയെങ്കിലും സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യത്തിലും സംശയമില്ല. കരുവന്നൂർ പോലുള്ള വിഷയങ്ങളിൽ പൊള്ളിനിൽക്കുന്ന സി.പി.എമ്മിനും അതിന്റെ പ്രധാന നേതാക്കൾക്കും രക്ഷപ്പെടാനുള്ള അവസരമായി തൃശൂരിലെ മത്സരത്തെ ‘ബലി കൊടുത്തോ’ എന്ന സംശയമാണ് ഇക്കൂട്ടർക്ക്. എന്നാൽ, പാർട്ടി നേതൃത്വവും സ്ഥാനാർഥി വി.എസ്. സുനിൽകുമാറും അതപ്പടി തള്ളുന്നു. മുന്നണിയുടെ പട നയിക്കാൻ കൂടുതൽ സ്മാർട്ട് ആയിരുന്നത് സി.പി.എമ്മും അതിന്റെ യുവജന വിഭാഗവുമാണെന്ന് അവർ സാക്ഷ്യം പറയുമ്പോൾ ഫലം മറിച്ചായാൽ പാപഭാരം ആരേൽക്കും എന്ന ആശങ്ക നെഞ്ചേറ്റുന്നവരുണ്ട്.
തൃശൂർ ലോക്സഭയിലേക്ക് ഇത്തവണത്തേതും ചേർത്ത് രണ്ടും തൃശൂർ നിയമസഭ മണ്ഡലത്തിൽ ഒരു തവണയും മത്സരിച്ച സ്ഥാനാർഥി സുരേഷ് ഗോപിയാണ് എൻ.ഡി.എയുടെ പ്ലസും മൈനസും. ഇപ്പോഴും താരപരിവേഷം മാറാത്തതിന്റെ ഗുണം ആൾക്കൂട്ടമായി പരിണമിച്ചത് വെറുതയല്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടിലൂടെ കണ്ടതാണ്. എന്നാൽ, അതിലപ്പുറം ഇനിയെന്ത് നേടാൻ എന്ന ചിന്ത ബി.ജെ.പിയിൽ വലിയൊരു വിഭാഗത്തിനുണ്ട്. അതിലുപരി, ഇതേ ‘താര ഭാരം’ മണ്ണിലിറങ്ങാൻ തടസ്സമായെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതികൂലമാകുമെന്നുമുള്ള ആശങ്ക മുന്നണിയിലുണ്ട്.
യു.ഡി.എഫ്
ന്യൂനപക്ഷ വോട്ടുകൾ ഏതാണ്ട് മുഴുവനായും മറ്റു വോട്ടുകളിൽ നല്ലൊരു ഭാഗവും തുണച്ചുവെന്നും ജയം ഉറപ്പാണെന്നുമാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. 35,000-50,000 വോട്ട് ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്താനാകുമെന്ന് കോൺഗ്രസ് കരുതുന്നു.
എൽ.ഡി.എഫ്
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടമായ തൃശൂർ ലോക്സഭ മണ്ഡലം തിരിച്ചുപിടിക്കുമെന്ന എൽ.ഡി.എഫിന്റെ പ്രതീക്ഷക്ക് പ്രധാന ആധാരം സ്ഥാനാർഥിയുടെ മികവാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ ത്രികോണ മത്സരത്തിൽ സി.പി.ഐ ജയിച്ചുകയറിയ അനുഭവം ഇത്തവണ ഉണ്ടാകുമെന്നും 15,000 വോട്ടിനെങ്കിലും ജയിക്കുമെന്നും മുന്നണി പ്രതീക്ഷിക്കുന്നു. തെറ്റിദ്ധരിപ്പിക്കാൻ പല കേന്ദ്രങ്ങളും ശ്രമിച്ചിട്ടും എല്ലാ വിഭാഗവും എൽ.ഡി.എഫിന് അനുകൂലമായെന്നും മുന്നണി നേതൃത്വം കരുതുന്നു.
എൻ.ഡി.എ
ഇത്തവണയും ജയിച്ചില്ലെങ്കിൽ ഇനി സാധ്യമല്ല എന്നാണ് ബി.ജെ.പിയും എൻ.ഡി.എയും കരുതുന്നത്. ലോക്സഭയിലേക്ക് കേരളത്തിൽ ലഭിക്കുന്ന ആദ്യ സീറ്റ് തൃശൂരിൽനിന്നാവുമെന്നും അത് ഇത്തവണയാണെന്നും ബി.ജെ.പി ഉറച്ച് വിശ്വസിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ ഒന്നര ലക്ഷത്തിലേറെ വോട്ട് നേടിയാൽ ജയിക്കാമെന്നും സ്ത്രീ വോട്ടർമാരിലൂടെ അത് സാധ്യമാകുമെന്നുമാണ് കണക്കുകൂട്ടുന്നത്. അതേസമയം, ന്യൂനപക്ഷ വോട്ടുകൾ ഒരുമിച്ച് ഏതെങ്കിലുമൊരു മുന്നണിക്ക് അനുകൂലമായിട്ടുണ്ടെങ്കിൽ ഫലം മറിച്ചാകുമെന്ന ആശങ്കയുമുണ്ട്.
ഫലം; പ്രതിഫലനം
യു.ഡി.എഫ് പരാജയപ്പെട്ടാൽ ജില്ല കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്കും അഴിച്ചുപണികൾക്കും വഴിയൊരുങ്ങും. കെ. കരുണാകരൻ തോറ്റ തെരഞ്ഞെടുപ്പിൽ അദ്ദേഹം ആരോപിച്ച ‘പിന്നിൽനിന്നുള്ള കുത്ത്’ വീണ്ടും ഉയരും. തൃശൂർ കെ. കരുണാകരനും മക്കൾക്കും ബാലികേറാമലയാണെന്ന തോന്നൽ ഉറപ്പിക്കുകയും ചെയ്യും.
കച്ചകെട്ടിയിറങ്ങിയ തെരഞ്ഞെടുപ്പിൽ ജയിക്കാനായില്ലെങ്കിൽ എൽ.ഡി.എഫിൽ സി.പി.എം, സി.പി.ഐ മനപ്പൊരുത്തം തകരും. കരുവന്നൂർ അടക്കമുള്ള സി.പി.എമ്മിന്റെ ചെയ്തികൾക്കെതിരെ ചൂണ്ടുവിരലുകളുയരും. കോൺഗ്രസ് ആരോപിച്ച ‘ഡീൽ’ ഒരു വിഭാഗം എടുത്ത് പ്രയോഗിക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പലയിടത്തും മുന്നണി ധാരണയെപ്പോലും ബാധിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനവും സുരേഷ് ഗോപിയുടെ പ്രഭാവവും ഉണ്ടാക്കിയിട്ടും ജയിക്കാനായില്ലെങ്കിൽ മണിപ്പൂർ പോലുള്ള വിഷയത്തിൽ മണ്ഡലത്തിലെ വോട്ടർമാരിൽ പ്രബല വിഭാഗത്തിനേറ്റ മുറിവിന്റെ ആഴം ബി.ജെ.പി നേതൃത്വം തിരിച്ചറിയും. ജില്ല മുതലുള്ള നേതൃത്വം മറുപടി പറയേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.