വളപട്ടണത്തെ വീട്ടിൽ നിന്ന് ഒരു കോടിയും 300 പവനും കവർന്ന സംഭവം; അയൽവാസിയായ യുവാവ് പിടിയിൽ
text_fieldsകണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽനിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന സംഭവത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. വ്യാപാരിയുടെ വീട്ടിന് സമീപത്തെ കൊച്ചു കൊമ്പൽ വിജേഷ് (30) നെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കവർച്ച ചെയ്ത പണവും ആഭരണങ്ങളും വെൽഡിങ് തൊഴിലാളിയായ വിജേഷിന്റെ വീട്ടിലെ കട്ടിലിനടിയിൽനിന്ന് പൊലീസ് കണ്ടെടുത്തു. സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
ഞായറാഴ്ച രാവിലെ പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വൈകിട്ട് തിരിച്ച് വാങ്ങാൻ പൊലീസ് ആവശ്യപ്പെട്ടു. ഇത് വാങ്ങാൻ എത്തിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.
കവർച്ച നടന്നതിന് തൊട്ടടുത്ത ദിവസവും പ്രതി ഇതേ വീട്ടിലെത്തിയതുൾപ്പെടെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മോഷണത്തിന് പിന്നിൽ വീട്ടുകാരെ നേരിട്ട് അറിയുന്നവർ ഉണ്ടെന്ന് സംശയം തുടക്കം മുതൽ ഉണ്ടായിരുന്നു. വീട്ടീന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരൽ അടയാളങ്ങളുമാണ് കേസിൽ നിർണായകമായത്.
വീട്ടിനുള്ളിലെ മറ്റൊന്നും നശിപ്പിക്കാത്തതും അലമാരകൾ മാത്രം കൊള്ളയടിച്ച സാഹചര്യത്തിലാണ് സംഭവം ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തിയത്. മൂന്നു മോഷ്ടാക്കള്‍ മതിൽ ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
മന്ന സ്വദേശിയായ അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽനിന്നാണ് ഒരു കോടി രൂപയും 1.70 കോടി വിലവരുന്ന 300 പവനും കഴിഞ്ഞദിവസം മോഷണം പോയത്. നവംബർ 19ന് മധുരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയ അഷ്റഫും കുടുംബവും ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
മുഖം മറച്ചനിലയിലാണ് മോഷ്ടാക്കൾ എത്തിയത്. വീട്ടിലെ ലോക്കറിന് മുകളിൽ മരത്തിന്റെ മറ്റൊരു അറ നിർമിച്ചാണ് സ്വർണവും പണവും സൂക്ഷിച്ചത്. താക്കോൽ മറ്റൊരു അലമാരയിലും അതിന്റെ താക്കോൽ വേറൊരു മുറിയിലെ അലമാരയിലുമാണ് സൂക്ഷിച്ചിരുന്നത്.
ഈ രണ്ട് അലമാരകളും തുറന്നാണ് ലോക്കറിന്റെ താക്കോൽ എടുത്തിരിക്കുന്നത്. ലോക്കറും താക്കോലുകളും സൂക്ഷിച്ച സ്ഥലം കൃത്യമായി മനസ്സിലാക്കിയാണ് കവർച്ചയെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു.
അടുക്കളഭാഗത്തെ ജനൽക്കമ്പി അടര്‍ത്തിയെടുത്താണ് അകത്തു കയറിയത്. വീടിനടുത്തെ ചെറിയ റോഡിലൂടെ മണംപിടിച്ച് ഓടിയ പൊലീസ് നായ് ഒരു കിലോമീറ്ററോളം സഞ്ചരിച്ച് വളപട്ടണം റെയിൽവേ സ്റ്റേഷനിലെത്തി നിന്നു. പ്രതിയുടെ വീടിനുമുൻപിലും നായ എത്തിയിരുന്നു. വളപട്ടണം ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.