ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടി; റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്ന് ഒരു കോടി രൂപ തട്ടിയ കേസിൽ റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. കൈമനം കരുമം റോഡിൽ പാലറതീർഥം വീട്ടിൽ മുരുകേശൻപിള്ളയെയാണ് തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തിരുനെൽവേലിയിൽ ടി.ടി.ഇ, ഗ്രൂപ്-ഡി, ഗ്രൂപ്-സി, നഴ്സിങ്, എൻജിനീയറിങ് തസ്തികകളിൽ ആയിരുന്നു ക്ലാസ് ഫോർ ജീവനക്കാരനായ മുരുകേശൻപിള്ള ഒഴിവുള്ളതായി ഉദ്യോഗാർഥികളെ അറിയിച്ചത്. ജോലി സ്ഥിരമാക്കുമെന്ന ഉറപ്പിൽ ഉദ്യോഗാർഥികളിൽനിന്ന്, ആറു ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ ഇയാൾ കൈപ്പറ്റി.
വിശ്വാസമുണ്ടാക്കാൻ ഇയാളുടെ പേരിലുള്ള ചെക്കുകൾ ഈടായി നൽകി. തമ്പാനൂരുള്ള ഇയാളുടെ റെയിൽവേ ക്വാർട്ടേഴ്സിലായിരുന്നു പണം കൈമാറ്റം. ഇത്തരത്തിൽ നിരവധി പേരിൽനിന്ന് 1.04 കോടി രൂപ ഇയാൾ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഉദ്യോഗാർഥികൾ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ ഇയാൾ ഒളിവിൽ പോയി. 11 പരാതികളിലാണ് മുരുകേശൻപിള്ളക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ നാഗരാജു ചകിലം അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു.
തിരുവനന്തപുരം സിറ്റി ഡി.സി.പി നിതിന്‍ രാജിന്‍റെ നേതൃത്വത്തിൽ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അസിസ്റ്റൻറ് കമീഷണർ ഷെരിഫ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കരമനയിൽനിന്ന് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ അനീഷ് ജയാലാലുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അഖിൽ ദേവ്, ലെനു എന്നിവരും ഉൾപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.