ലോക കേരളസഭക്ക് ഒരു കോടി കൂടി
text_fieldsതിരുവനന്തപുരം: ധവളപത്രം ഇറക്കണമെന്നതുൾപ്പെടെ ആവശ്യങ്ങൾക്കിടയിൽ നാലാമത് ലോക കേരളസഭക്കായി കോടികൾ അനുവദിച്ചു. മേയിൽ രണ്ട് തവണയായി മൂന്ന് കോടി രൂപയാണ് അനുവദിച്ചത്. 15ന് രണ്ട് കോടി രൂപയും 16ന് ഒരുകോടി രൂപയുമാണ് അനുവദിച്ചത്. ജൂൺ 13 മുതൽ 15 വരെ നിയമസഭ മന്ദിരത്തിലാണ് പരിപാടി. 351 അംഗങ്ങളാണ് പങ്കെടുക്കുന്നത്.
ആഗോള സാംസ്‌കാരികോത്സവം എന്ന പേരിലാണ് ഒരു കോടി അനുവദിച്ചത്. ഇതില്‍ സാംസ്‌കാരിക പരിപാടിക്ക് 25 ലക്ഷം രൂപയാണ്. പ്രോഗ്രാം കമ്മിറ്റിക്കാണ് സാംസ്‌കാരിക പരിപാടികളുടെ തെരഞ്ഞെടുപ്പ് ചുമതല.
പ്രസാധനത്തിനും അച്ചടിക്കുമായി 15 ലക്ഷം, പരസ്യത്തിന് 10 ലക്ഷം, പ്രവാസി വിദ്യാർഥികളുടെ സാംസ്‌കാരിക പരിപാടിക്ക് 20 ലക്ഷം, സഭ അംഗങ്ങളുമായി സഹകരിച്ച് കേരളത്തിന്റെ സാംസ്‌കാരിക, ടൂറിസം പരിപാടികളുടെ ഫോട്ടോയും വിഡിയോകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് 30 ലക്ഷം എന്നിങ്ങനെയും തുക അനുവദിച്ചു.
ഭക്ഷണത്തിന് 10 ലക്ഷവും താമസത്തിന് 25 ലക്ഷം, വേദിയും വഴികളും അലങ്കരിക്കാൻ 35 ലക്ഷം, വിമാന ടിക്കറ്റിന് അഞ്ച് ലക്ഷം, മറ്റ് ആവശ്യങ്ങൾക്ക് 20 ലക്ഷം എന്നിങ്ങനെ മീറ്റിങ്ങുമായി ബന്ധപ്പെട്ട ചെലവ് ഒരു കോടി രൂപ. ലോക കേരളസഭ സെക്രട്ടേറിയറ്റിന് മാത്രമായി 50 ലക്ഷം അനുവദിച്ചു. ഇതിൽ 19 ലക്ഷം ഓഫിസ് ചെലവുകൾക്കാണ്. സഭയിലെ ശിപാർശകൾ നടപ്പാക്കാൻ 50 ലക്ഷമാണ് നീക്കിവെച്ചത്. ഇതിൽ പബ്ലിസിറ്റിക്ക് മാത്രം 15 ലക്ഷം രൂപ.
ആദ്യം അനുവദിച്ച രണ്ട് കോടി രൂപ ലോക കേരളസഭക്കായി ബജറ്റിൽ വകയിരുത്തിയതാണ്. രണ്ടാമത്തെ ഒരു കോടി അധികമായാണ് അനുവദിച്ചത്. ചെലവ് ഇനിയും ഉയരും. ബില്ലുകൾ വരുന്ന മുറക്ക് ധനവകുപ്പ് അധിക ഫണ്ട് അനുവദിക്കുന്നതാണ് പതിവ്.
സഭ കഴിഞ്ഞാൽ വിദേശത്ത് രണ്ട് മേഖല സമ്മേളനങ്ങൾ നടത്തും. ഈ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും പങ്കെടുക്കുന്നത് സംബന്ധിച്ച് മുൻകാലങ്ങളിൽ വിവാദം ഉയർന്നിരുന്നു. മൂന്ന് ലോക കേരളസഭ നടന്നെങ്കിലും പ്രവാസികൾക്ക് പ്രയോജനമുണ്ടായില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
ലോക കേരളസഭക്ക് ബദലായി പ്രവാസിസംഗമം നടത്തുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് പ്രവാസി സംഘടനയായ ഒ.ഐ.സി.സി ഇന്‍കാസ് രംഗത്തുവന്നു. ലോക കേരളസഭയുടെ ധൂര്‍ത്ത് അവസാനിപ്പിക്കണമെന്നും പ്രവാസിക്ഷേമത്തിന് മുന്‍ഗണന നല്‍കിയില്ലെങ്കില്‍ ബഹിഷ്‌കരിക്കേണ്ടിവരുമെന്നും ഒ.ഐ.സി.സി-ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.