അക്ഷയയിൽ പ്രതിമാസം ഒരുകോടി സേവനങ്ങൾ
text_fieldsതിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങളിൽ പ്രതിമാസം ഒരു കോടിയിലധികം ഐ.ടി സേവനങ്ങൾ ലഭ്യമാക്കുന്നതായി അക്ഷയ ഡയറക്ടറേറ്റ് റിപ്പോർട്ട്. സംസ്ഥാനത്താകെയുള്ള 2800 അക്ഷയകേന്ദ്രങ്ങളുടെ വാർഷിക വിറ്റുവരവ് 1000 കോടിയിലേറെയായി. 15,000 തൊഴിലാളികളാണ് മേഖലയിൽ ജോലി ചെയ്യുന്നത്. 2011-2023ൽ അക്ഷയ സെന്ററുകൾ വഴി ഏഴു കോടി ഇ-ഡിസ്ട്രിക്റ്റ് സർട്ടിഫിക്കറ്റ് കൈകാര്യം ചെയ്തതായും റിപ്പോർട്ട് പറയുന്നു. കമ്പ്യൂട്ടർ സാക്ഷരപദ്ധതിയുടെ ഭാഗമായി 2002 ലാണ് അക്ഷയ കേന്ദ്രങ്ങൾ ആരംഭിച്ചത്.
രണ്ടു പതിറ്റാണ്ടിനിടെ ഐ.ടി സാക്ഷരത മേഖലയിൽനിന്ന് ഐ.ടി അധിഷ്ഠിത സേവനമേഖലയിലേക്കും അക്ഷയ പ്രവർത്തനം വ്യാപിപ്പിച്ചു. നഗരത്തെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് സർക്കാർ സേവനത്തിനു ബുദ്ധിമുട്ടിയിരുന്നത്. അവർക്ക് ആശ്വാസമായാണ് അക്ഷയ കേന്ദ്രങ്ങളുടെ നിയോഗം. ആധാർ എൻറോൾമെന്റും 55 ലക്ഷം പേരുടെ സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ്ങും ലൈഫ് പദ്ധതി രജിസ്ട്രേഷനും റേഷൻ കാർഡ് ഇ-അപേക്ഷയുമടക്കം ഉദാഹരണം. അക്ഷയകൾ വഴി 2020 ലും 2023 ലും നടന്ന സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ്ങിലൂടെ സർക്കാറിന് 746.64 കോടി ലാഭിക്കാൻ കഴിഞ്ഞുവെന്നാണ് ഐ.ടി മിഷന്റെ കണക്ക്. ദരിദ്ര കുടുംബങ്ങൾക്ക് ആരംഭിച്ച ആരോഗ്യ ഇൻഷുറസ് പദ്ധതി എൻറോൾമെന്റ് അക്ഷയയാണ് പൂർത്തിയാക്കിയത്.
തൊഴിലാളി ക്ഷേമനിധികളിലെ 62 ലക്ഷം അംഗങ്ങളുടെ ആധാർ അധിഷ്ഠിത ഓൺലൈൻ സേവനങ്ങൾക്കുള്ള അനുമതിയും അക്ഷയകൾക്ക് നൽകി സർക്കാർ ഉത്തരവായിരുന്നു. അംസംഘടിത തൊഴിലാളികൾക്കുള്ള ഇ-ശ്രം പദ്ധതിയിൽ 2021 സെപ്റ്റംബർ മുതൽ 2022 മാർച്ച് വരെ 58,12,985 രജിസ്ട്രേഷൻ പൂർത്തിയാക്കി കാർഡ് എത്തിച്ചതിൽ ഭൂരിഭാഗവും അക്ഷയകളാണ്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങൾ അക്ഷയകളിലൂടെ നടപ്പാക്കാനും സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. നേട്ടങ്ങൾക്കിടയിലും ആധാർ അപ്ഡേഷന്റെ പേരിൽ ചില കേന്ദ്രങ്ങൾ അധിക നിരക്ക് ഈടാക്കിയത് ആക്ഷേപങ്ങൾക്ക് ഇടവരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.