10 വർഷം തുടർച്ചയായി ജയിലിൽ; ഭാര്യയുടെ ഹരജി പരിഗണിച്ച് നിരന്തര കുറ്റവാളിക്ക് പരോൾ അനുവദിച്ച് ഹൈകോടതി
text_fieldsകൊച്ചി: നിരന്തര കുറ്റവാളിയായതിനാൽ തുടർച്ചയായി 10 വർഷത്തിലേറെ തടവിൽ കഴിഞ്ഞയാൾക്ക് പരോൾ അനുവദിച്ച് ഹൈകോടതി. ജാമ്യമില്ലാതെ തടവിൽ കഴിഞ്ഞ കാലയളവിന്‍റെ ദൈർഘ്യവും ഇക്കാലത്തെ നല്ല നടപ്പും കണക്കിലെടുത്താണ് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തൃശൂർ സ്വദേശിയായ തോമസ് എന്ന ടോണിക്ക് ജസ്റ്റിസ് സിയാദ് റഹ്മാൻ 15 ദിവസത്തെ പരോൾ അനുവദിച്ചത്. പരോൾ ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹരജിയിലാണ് ഉത്തരവ്.
കൊലപാതകമടക്കം കേസുകളിൽ പ്രതിയായ ടോണിക്ക് സെഷൻസ് കോടതി പരോളില്ലാതെ തുടർച്ചയായി 20 വർഷത്തെ തടവാണ് വിധിച്ചതെങ്കിലും ഇടതടവില്ലാതെ തടവ് അനുഭവിക്കണമെന്ന വ്യവസ്ഥ ഹൈകോടതി നേരത്തേ റദ്ദാക്കിയിരുന്നു. 10 വർഷവും ഏഴു മാസവും തടവ് പൂർത്തിയാക്കിയിട്ടും ഒരു തവണപോലും പരോൾ അനുവദിച്ചിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഭാര്യ കോടതിയെ സമീപിച്ചത്. എന്നാൽ, നിരന്തര കുറ്റവാളിയായതിനാൽ ഹരജിക്കാരിയുടെ ഭർത്താവിന് നിയമപ്രകാരം ജാമ്യം അനുവദിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, ജയിലിലെ ഇയാളുടെ പെരുമാറ്റം തൃപ്തികരമായ രീതിയിലാണെന്നും വ്യക്തമാക്കി.
ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി 10 വർഷം പരോളില്ലാതെ ശിക്ഷ അനുഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഇത്ര നീണ്ട കാലയളവിനിടയിൽ ഒരു തവണപോലും പരോൾ അനുവദിച്ചിട്ടില്ലെന്നിരിക്കെ ഇക്കാര്യത്തിൽ മാനുഷിക പരിഗണന നൽകേണ്ടതുണ്ട്. ഇത്രയും നീണ്ട തടവ് നിരന്തര കുറ്റവാളിയെന്ന വസ്തുതയുടെ പ്രാധാന്യം അൽപം കുറച്ചിട്ടുണ്ട്. ജയിലിനകത്തെ പെരുമാറ്റം മാനസാന്തരത്തിന്‍റെ സൂചനയുമാകാം. അതിനാൽ പ്രതിക്ക് ഒരു അവസരം നൽകേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി സെപ്റ്റംബർ അഞ്ച് മുതൽ 21വരെ പരോൾ അനുവദിച്ച് ഉത്തരവിട്ടു. പരോളിന് മതിയായ ഉപാധികൾ വെക്കാമെന്നും കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.