10 കോടി നഷ്ടപരിഹാരം വേണം; ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ
text_fieldsതിരുവനന്തപുരം: എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നടത്തിയ ആരോപണങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ. ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ വ്യാജ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നഷ്ടപരിഹാരമായി 10 കോടി രൂപ നൽകണമെന്നാണ് ആവശ്യം. അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.
പണം നൽകി തന്നെ സ്വാധീനിക്കാൻ കോടീശ്വരനായ ചാനൽ ഉടമ ശ്രമിച്ചെന്നും ഉടമയുടെ ഏജന്‍റ് എത്തി ഭീഷണിപ്പെടുത്തിയതായും ശോഭാ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഏപ്രിൽ 25ന് ആലപ്പുഴയിൽ വെച്ച് നടത്തിയ മറ്റൊരു പത്രസമ്മേളനത്തിൽ ഗോകുലം ഗോപാലൻ ചിട്ടിയും ബിസിനസും നടത്തി ധാരാളം ആളുകളുടെ പണവും ഭൂമിയും തട്ടിയെന്ന് ശോഭ ആരോപിച്ചിരുന്നു. ഇ.ഡി അന്വേഷണം നടത്തി വരുന്ന കരിമണൽ ഇടപാടിലെ കരാറു കമ്പനിയായ സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്തയുടെ സുഹൃത്താണ് ഗോകുലം ഗോപാലനെന്നും ശോഭ പറഞ്ഞിരുന്നു. എന്നാൽ ശോഭാ സുരേന്ദ്രൻ നടത്തിയ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും കള്ളമാണെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
നേരത്തെ ആലപ്പുഴയിൽ നടത്തിയ മറ്റൊരു വാർത്താ സമ്മേളനത്തിൽ ആലപ്പുഴയിലെ തൻറെ വിജയം ഇല്ലാതാക്കാൻ വ്യാജ വാർത്തകളിലൂടെ ചാനൽ ശ്രമിക്കുകയാണെന്ന് ശോഭ ആരോപിച്ചിരുന്നു. തൻറെ വസതിയിൽ ചാനൽ ഉടമയുടെ ഏജൻറ് വന്ന് കണ്ടു. വെള്ളാപ്പള്ളി നടേശനെ പൊതുയോഗങ്ങളിൽ ഇത്രത്തോളം പുകഴ്ത്താൻ പാടില്ലെന്നും ഇല്ലെങ്കിൽ ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തുമെന്നും ഏജൻറ് പറഞ്ഞു. ഇത് പാലിച്ചാൽ മുഴുവൻ തെരഞ്ഞെടുപ്പ് ചെലവുകളും ചാനലുടമ ഏറ്റെടുക്കുമെന്നും അറിയിച്ചു. അതിന് വഴങ്ങാതിരുന്നതോടെ തന്നെ തകർക്കാൻ ലക്ഷ്യമിട്ട് ചാനൽ വ്യാജവാർത്തകളും സർവേ റിപ്പോർട്ടുകളും നൽകുകയാണെന്നും ശോഭ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.