കൊടകര കുഴൽപണം എത്തിച്ചത് 10 കോടി
text_fieldsതൃശൂർ: കൊടകര കുഴല്പണക്കേസിൽ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ഏപ്രിൽ രണ്ടിന് രാത്രി തൃശൂരിലെത്തിയ ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജ് കാറിൽ 9.8 കോടി രൂപ കടത്തിയെന്നും തൃശൂരിലെ ജില്ല നേതാവിന് ഇതിൽ 6.3 കോടി നേരിട്ട് കൈമാറിയെന്നുമുള്ള വിവരം പുറത്തുവന്നു. ബാക്കി തുകയുമായി മടങ്ങുമ്പോഴാണ് കൊള്ളയടിച്ചത്. ഈ കേസിലെ പരാതിക്കാരനായ ധർമരാജ് പണവുമായെത്തുന്ന വിവരം നേരത്തേ നേതാക്കളെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് ഹോട്ടലിൽ മുറി ബുക്ക് ചെയ്തത്. തെരഞ്ഞെടുപ്പ് സാമഗ്രികളുമായെത്തിയതാണെന്ന നേതാക്കളുടെ വാദം തെറ്റാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തെരഞ്ഞെടുപ്പ് കമീഷന് നൽകിയ ചെലവ് കണക്കുകളിൽ കൂടുതൽ പരിശോധന നടത്തുകയാണ്. ആരോപണ വിധേയനായ ജില്ല നേതാവിനാണ് നേരിട്ട് പണം നൽകിയത്. എ പ്ലസ് മണ്ഡലങ്ങളിലേക്ക് രണ്ടുകോടി മുതൽ നാല് കോടിയും മറ്റിടങ്ങളിലേക്ക് ഒന്നര കോടി മുതൽ അമ്പതുലക്ഷം, 25 ലക്ഷം എന്നിങ്ങനെയുമായിരുന്നു വിഹിതം. ഇതിൽ തന്നെ ക്രമക്കേട് നടന്നെന്ന ആരോപണമുണ്ട്. സംസ്ഥാന നേതാവിെൻറ മണ്ഡലത്തെ എ പ്ലസ് കാറ്റഗറിയിൽനിന്ന് എ ക്ലാസാക്കിയത് സംബന്ധിച്ച തർക്കം ഇതിനുദാഹരണമാണ്.
പണം കൊടുത്തുവിട്ടവരും എത്തിക്കുന്നവരും പണം കൈവശമുള്ളവരും തുടങ്ങി നേതാക്കൾക്ക് മാത്രമറിയാവുന്ന വിവരം ക്വട്ടേഷൻ ടീമിന് ചോർന്ന് കിട്ടിയതിൽ നേതാക്കൾക്ക് പങ്കുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. പണം കൊണ്ടുവന്ന ധർമരാജ്, ഷംജീർ, സഹായി റഷീദ് എന്നിവർ വർഷങ്ങളായി ഇത്തരം ഇടപാടുമായി ഒരുമിച്ചുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആ സാഹചര്യത്തിൽ വിവരം ചോർത്തി പണം തട്ടിെയടുക്കാൻ സംഘം ശ്രമിക്കില്ല. അതിന് പിന്നിൽ മറ്റ് കേന്ദ്രങ്ങളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കവര്ച്ചകേസിന് പുറമേ, പണം എങ്ങനെ എത്തിച്ചു?, എവിടെനിന്ന് എത്തിച്ചു? എത്രയെത്തിച്ചു തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിച്ചിരുന്നു. ഇതിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.