ഭരണപരിഷ്കാര കമീഷന് ചെലവിട്ടത് 10 കോടി
text_fieldsആലപ്പുഴ: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമീഷന് 2021 ജനുവരി 28വരെ ചെലവായത് 10 കോടി.
അനാരോഗ്യം മുൻ നിർത്തി ജനുവരി ഒമ്പതിന് കാബിനറ്റ് റാങ്കുള്ള ചെയർമാൻ പദവി വി.എസ് ഒഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയ സി.പി.എം അച്യുതാനന്ദനെ ഭരണപരിഷ്കാര കമീഷൻ അധ്യക്ഷനാക്കുകയായിരുന്നു.
മലമ്പുഴ എം.എൽ.എയായ അച്യുതാനന്ദന് പുതിയ സ്ഥാനം നൽകുേമ്പാൾ ഉയർന്ന ഇരട്ടപ്പദവി സംബന്ധിച്ച ആക്ഷേപങ്ങളെ നേരിടാൻ പ്രത്യേക നിയമനിർമാണവും നടത്തി.
അച്യുതാനന്ദൻ ചെയർമാനും മുൻ ചീഫ് സെക്രട്ടറിമാരായ സി.പി. നായർ, നീലാഗംഗാധരൻ, ഷീല തോമസ് എന്നിവർ അംഗങ്ങളുമായ കമീഷൻ വിജിലൻസ് പരിഷ്കാരം, സുസ്ഥിര വികസനം, പൊതുഅടിസ്ഥാന സൗകര്യവികസനം തുടങ്ങിയ എട്ട് റിപ്പോർട്ടുകളാണ് 2016 ആഗസ്റ്റ് മുതൽ സമർപ്പിച്ചത്.
പ്രവർത്തനത്തിനായി കോടികൾ ചെലവഴിച്ച കമീഷൻ നൽകിയ ശിപാർശകളിൽ ഒന്നുപോലും നടപ്പിൽ വരുത്തിയിട്ടില്ല. ശമ്പളയിനത്തിൽ 8.06 കോടി രൂപയാണ് ചെലവഴിച്ചതെന്ന് കൊച്ചിയിലെ 'ദ പ്രോപ്പർ ചാനൽ' എന്ന സംഘടന വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച രേഖയിൽ പറയുന്നു. പ്രതിമാസ ശമ്പളമല്ലാതെ മറ്റ് പലയിനങ്ങളിലായി ചെയർമാൻ 26.86 ലക്ഷവും മറ്റുള്ളവർ 10.74 ലക്ഷവും കൈപ്പറ്റി. സെമിനാറിനും ശിൽപശാലകൾക്കുമായി 10.98 ലക്ഷവും ചെലവഴിച്ചു.
ശിപാർശകൾ നടപ്പാക്കാത്തിടത്തോളം അതിനായി െചലവഴിച്ച തുക പാഴായതായി കണക്കാക്കേണ്ടി വരുമെന്ന് പ്രോപ്പർ ചാനൽ പ്രസിഡൻറ് എം.കെ. ഹരിദാസ് 'മാധ്യമ'ത്തോട് പറഞ്ഞു.
പാർട്ടിയിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കാനായി സംസ്ഥാന ഖജനാവിൽനിന്ന് കോടികൾ ചെലവഴിക്കേണ്ടി വന്നത് ചരിത്രത്തിൽ കറുത്ത ഏടാണെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് പൊതുസമൂഹത്തോട് പറയാൻ മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.