10 കോടിയുടെ തിമിംഗല ഛർദി: മുഖ്യപ്രതിക്കായി കർണാടകയിൽ തിരച്ചിൽ
text_fieldsനിഷാന്ത്, സിദ്ദീഖ് എന്നിവർ കർണാടകയിൽനിന്നാണ് തിമിംഗല ഛർദി എത്തിച്ചത്
കാഞ്ഞങ്ങാട്: 10 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദി (ആംബർ ഗ്രീസ്) കാഞ്ഞങ്ങാട്ടുനിന്ന് പിടികൂടിയ കേസിൽ മുഖ്യപ്രതിയെ കണ്ടെത്താൻ വനപാലകർ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി. കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. അഷറഫിന്റെ നേതൃത്വത്തിലാണ് പുത്തൂരിലുൾപ്പെടെ കർണാടകയിലെ വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയത്. പ്രതിയെ കണ്ടെത്താനായില്ലെന്ന് വനപാലകർ അറിയിച്ചു.
കാഞ്ഞങ്ങാട് സ്വദേശികളായ സിദ്ദീഖ്, നിഷാന്ത്, കോട്ടോടി സ്വദേശി ദിവാകരൻ എന്നിവരെ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽനിന്ന് 10 കിലോ തിമിംഗല ഛർദിയുമായി പിടികൂടിയ കേസിലാണ് അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചത്. നോർത്ത് കോട്ടച്ചേരിയിലെ ലോഡ്ജിൽനിന്നാണ് ആഗസ്റ്റ് 28ന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ഹോസ്ദുർഗ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ലോഡ്ജിൽ പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. നിഷാന്ത്, സിദ്ദീഖ് എന്നിവർ കർണാടകയിൽനിന്നാണ് തിമിംഗല ഛർദി എത്തിച്ചതെന്ന് ആദ്യം കേസന്വേഷിച്ച പൊലീസ് കണ്ടെത്തിയിരുന്നു. ദിവാകരൻ ഇടനിലക്കാരനാണ്. ലോഡ്ജിൽ മുറിയെടുത്ത് വിൽപനക്കായി തയാറെടുക്കുന്നതിനിടെയാണ് പ്രതികൾ പൊലീസ് വലയിലായത്. ഹോസ്ദുർഗ് പൊലീസ് കേസന്വേഷണം വനപാലകർക്ക് കൈമാറുകയായിരുന്നു. വനം വകുപ്പിന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴും കർണാടക സ്വദേശിയാണ് തിമിംഗല ഛർദി നൽകിയതെന്ന് ഇവർ ആവർത്തിച്ചിരുന്നു.
കിലോക്ക് ഒരുകോടി രൂപ വില കണക്കാക്കിയാണ് 10 കിലോ തിമിംഗല ഛർദി പുത്തൂർ സ്വദേശി മറ്റ് പ്രതികൾക്ക് കൈമാറിയത്. ഇവർ പുത്തൂർ സ്വദേശിക്ക് രണ്ടുലക്ഷം രൂപ മുൻകൂർ നൽകിയിരുന്നതായി പറയുന്നു. പൊലീസ് പിടികൂടിയ അന്നുതന്നെ തിമിംഗല ഛർദിയുടെ സാമ്പിൾ രാസപരിശോധനക്ക് തിരുവനന്തപുരത്ത് ലാബിലേക്കയച്ചിരുന്നു. ഇതിന്റെ പരിശോധനഫലം ഇനിയും ലഭ്യമായിട്ടില്ല.
മൂന്ന് പ്രതികളും ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന് ജാമ്യത്തിനായി മേൽകോടതിയെ സമീപിച്ചിരിക്കുകയാണ് പ്രതികൾ. കർണാടക സ്വദേശി പിടിയിലായാൽ കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വനപാലകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.