പൊതുവിഭാഗത്തിന് 10 കിലോ അരി:കേരളത്തിനുള്ള പച്ചരിവിഹിതം 50 ശതമാനം
text_fieldsതിരുവനന്തപുരം: വെള്ള റേഷൻ കാർഡ് ഉൾപ്പെടുന്ന പൊതുവിഭാഗത്തിന് 10 കിലോ അരി വീതം വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ അറിയിച്ചു. റേഷന്‍കടകള്‍ വഴിയുള്ള പച്ചരിവിഹിതം 50 ശതമാനമായി ഉയര്‍ത്തി. പൊതുജനങ്ങള്‍ക്ക് താൽപര്യമുള്ള ആന്ധ്ര അരി എല്ലാ വിഭാഗത്തിനും ലഭ്യമാക്കും. അരിവില പിടിച്ചുനിര്‍ത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതി വാർത്തസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.
ഈ മാസം മുതൽ പച്ചരിയും പുഴുക്കലരിയും 50:50 അനുപാതത്തിൽ ലഭ്യമാക്കാൻ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുമായുള്ള ചർച്ചയിൽ തീരുമാനമായി. എഫ്.സി.ഐയിൽനിന്ന് ലോഡ് എടുക്കുംമുമ്പ് കൂടുതൽ പരിശോധനയും കൃത്യതയും ഉറപ്പാക്കാനുള്ള നടപടിക്രമങ്ങൾ ധാരണപത്രത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുവിഭാഗത്തിന് ഈ മാസത്തെ 10 കിലോ അരിയിൽ ഏഴുകിലോ 10.9 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപയ്ക്കുമാകും നൽകുക. നീല കാർഡ് ഉടമകൾക്ക് ഈ മാസം മൂന്നുകിലോ അരി 15 രൂപ നിരക്കിൽ അധികമായി നൽകും. അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് അഞ്ചുകിലോ അരി ലഭ്യമാക്കും. ഇതിൽ രണ്ടുകിലോ 10.9 രൂപ നിരക്കിലും മൂന്നുകിലോ 15 രൂപയ്ക്കുമാകും നൽകുക. പൊതുവിപണിയിൽ 30 രൂപയ്ക്ക് മുകളിൽ വിലയുള്ള അരിയാണ് വിതരണം ചെയ്യുക.
പച്ചരിയും പുഴുക്കലരിയും തുല്യ അനുപാതത്തിൽ ലഭ്യമാക്കുന്നതോടെ കമ്പോളത്തിലെ അരി വില നിയന്ത്രിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രഭാത ഭക്ഷണത്തിന് ഭൂരിപക്ഷം പേരും പച്ചരിയാണ് ഉപയോഗിക്കുന്നതെന്നതിനാൽ തീരുമാനം കുടുംബങ്ങൾക്ക് ആശ്വാസമാകും.
സ്പെഷൽ മണ്ണെണ്ണ മാർച്ച് 31 വരെ
തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് റേഷൻ കാർഡുടമകൾക്ക് അധികമായി അനുവദിച്ച അര ലിറ്റർ മണ്ണെണ്ണ മാർച്ച് 31 വരെ ലഭിക്കും. പതിവുവിഹിതത്തിനൊപ്പം അര ലിറ്റർ സ്പെഷൽ കൂടി വാങ്ങാം. മത്സ്യബന്ധന യാനങ്ങൾക്കുള്ള ജനുവരി വിഹിതം 50 ശതമാനം ഉടൻ നൽകും. മണ്ണെണ്ണ പെർമിറ്റുമായി ബന്ധപ്പെട്ട് ജനുവരി 16ന് സംയുക്ത പരിശോധന നടത്തും- മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.