ദിനേന 10 ലക്ഷം ലിറ്റർ ശുദ്ധീകരിക്കാം; കണ്ണൂരിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് 30ന് തുറക്കും
text_fieldsകണ്ണൂര്‍: പുതുവർഷം മുതൽ നഗരത്തിലെ 10 ലക്ഷം ലിറ്റർ മലിനജലം വരെ ഒറ്റയടിക്ക് ശുദ്ധമാവും. കാത്തിരിപ്പിനൊടുവിൽ കോര്പറേഷന് മഞ്ചപ്പാലത്ത് നിർമാണം പൂര്‍ത്തിയാക്കിയ മലിനജല ശുദ്ധീകരണ പ്ലാന്റ് ഡിസംബർ 30ന് പ്രവർത്തനം തുടങ്ങും. സംസ്ഥാനത്ത് രണ്ടാമത്തേതും തദ്ദേശ സ്വയംഭരണ സ്ഥാപനം നിർമാണം പൂർത്തിയാക്കുന്ന ആദ്യത്തേയും പ്ലാന്റാണിത്.
തദ്ദേശസ്ഥാപനം മലിനജലം പൈപ്പ് വഴി ഉറവിടങ്ങളിൽനിന്ന് ശേഖരിച്ച് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിക്കുന്ന പദ്ധതി കേരളത്തിൽ ആദ്യമാണ്.
കോർപറേഷൻ താളിക്കാവ് വാർഡിലെ മഞ്ചപ്പാലത്ത് 23 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. പദ്ധതി തുകയുടെ 50 ശതമാനം കേന്ദ്രസർക്കാറും 30 ശതമാനം സംസ്ഥാന സർക്കാറും 20 ശതമാനം കോർപറേഷനുമാണ് വഹിച്ചത്.
താളിക്കാവ്, കാനത്തൂർ വാർഡുകളിലെ വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നുമുള്ള മലിനജലം പൈപ്പ് വഴി നേരിട്ട് പ്ലാന്റിലേക്ക് എത്തിക്കുന്നതാണ് സംവിധാനം. പൈപ്പുകൾക്കിടയിൽ ഓരോ 40 മീറ്ററിലും മാൻഹോളുണ്ട്. ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുക. പ്രത്യേക പൈപ്പ് വഴി പ്ലാന്റിലേക്ക് എത്തുന്ന മലിനജലം ശുദ്ധീകരിച്ച് കൃഷിക്കും നിർമാണപ്രവൃത്തികൾക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാനും പദ്ധതിയുണ്ട്. പ്ലാന്റിലേക്ക് മലിനജലമെത്തിക്കുന്നതിനായി വീടുകളെയും സ്ഥാപനങ്ങളെയും ഹോട്ടലുകളെയും ബന്ധിപ്പിച്ച് 13 റോഡുകളിലാണ് പൈപ്പിട്ടത്.
ശുദ്ധീകരണ പ്ലാന്റ് നിർമാണ പുരോഗതി വിലയിരുത്താനായി ജലവിഭവ സെക്രട്ടറി അശോക് കുമാര്‍ സിങ്ങും നഗരവികസനത്തിനായി സര്‍ക്കാര്‍ രൂപവത്കരിച്ച ഇംപാക്ട് കേരളയുടെ മാനേജിങ് ഡയറക്ടർ എസ്. സുബ്രഹ്മണ്യവും നവബറിൽ പ്ലാന്റ് സന്ദര്‍ശിച്ചിരുന്നു.
തൃശൂരിലുള്ള ‘ടി.ഡി.എൽ.സി’ സഹകരണമേഖല സ്ഥാപനമാണ് പ്ലാന്റിന്റെ പ്രവൃത്തി നടത്തിയത്. അഞ്ചുവർഷം ടി.ഡി.എൽ.സി പ്ലാന്റ് പ്രവർത്തിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.