10 വർഷത്തെ ഒളിജീവിതം; റഹ്മാന്‍റെയും സജിതയുടെയും അവകാശവാദം തള്ളി മാതാപിതാക്കൾ
text_fieldsപാലക്കാട്: ഒറ്റമുറിയിൽ ആരും അറിയാതെ 10 വർഷം കഴിഞ്ഞെന്ന നെന്മാറ അയിലൂരിലെ റഹ്മാന്‍റെയും സജിതയുടെയും അവകാശവാദം തള്ളി റഹ്മാന്‍റെ മാതാപിതാക്കൾ. മുറിക്കുള്ളിൽ വെച്ച് ഒന്നു തുമ്മിയാൽ പോലും പുറത്ത് കേൾക്കും. പുറത്തുകടക്കാൻ ഉപയോഗിച്ചതെന്ന് പറയുന്ന ജനൽകമ്പികൾ നീക്കം ചെയ്തത് അടുത്തിടെയാണ്. മുറിക്കുള്ളിൽ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ വീട് നവീകരണം നടന്നപ്പോഴെങ്കിലും അറിയുമായിരുന്നുവെന്ന് റഹ്മാന്‍റെ പിതാവ് മുഹമ്മദ് ഗനിയും മാതാവ് ആത്തിക്കയും പറയുന്നു.
'റഹ്മാനും സജിതയും പറയുന്നത് എനിക്കും വിശ്വസിക്കാനാകുന്നില്ല. വീട് നവീകരിച്ചിട്ട് മൂന്ന് വർഷം ആകുന്നതേയുള്ളൂ. അപ്പോൾ ആരുടെയും ശ്രദ്ധയിൽപെട്ടില്ല. അന്ന് ടീപ്പോയുടെ അടിയിൽ ഒളിച്ചിരുന്നെന്നാണ് പറയുന്നത്. വലിയ ഒരാൾക്ക് അങ്ങനെ ഒളിക്കാനാവില്ല. 10 വർഷമായി വീട്ടിൽ ഒരാൾ കഴിയുകയാണെങ്കിൽ ഒരു ചുമയോ തുമ്മലോ ഞങ്ങൾ കേൾക്കില്ലേ. വർഷങ്ങളായി മറ്റെവിടെയോ ആണ് സജിതയെ താമസിപ്പിച്ചതെന്നാണ് കരുതുന്നത്' -റഹ്മാന്‍റെ പിതാവ് പറയുന്നു.
ജനൽകമ്പികൾ എടുത്തുമാറ്റിയാണ് അത്യാവശ്യകാര്യങ്ങൾക്ക് സജിത പുറത്തുപോയിരുന്നതെന്ന വാദവും ഇവർ തള്ളി. അടുത്ത കാലത്താണ് ജനലഴികൾ നീക്കംചെയ്തത്. വാതിലിൽ തൊട്ടാൽ ഷോക്കടിക്കുമെന്ന് മകൻ പലപ്പോഴായി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.
പെൺകുട്ടിയെ ഇവിടെ താമസിപ്പിച്ചെന്ന് ഞങ്ങൾക്ക് എന്തെങ്കിലും സൂചന ലഭിച്ചിരുന്നെങ്കിൽ ഞങ്ങൾ തന്നെ നാട്ടുകാരെയും ബന്ധപ്പെട്ടവരെയും അറിയിക്കുമായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമായിരുന്നു. റഹ്‌മാൻ ഇപ്പോൾ പറയുന്നതൊന്നും ഞങ്ങൾക്ക് അറിയില്ല. അന്ന് പെൺകുട്ടിയെ കാണാതായ സമയത്ത് പൊലീസ് റഹ്‌മാനോടും വിവരങ്ങൾ തിരക്കിയിരുന്നു. എനിക്കൊന്നുമറിയില്ല, ഞാനൊന്നും കണ്ടിട്ടില്ല എന്നൊക്കെയാണ് അവൻ പൊലീസിനോട് പറഞ്ഞത്.
റഹ്‌മാൻ രണ്ട് ദിവസം വീട്ടിൽനിന്ന് മാറി തമിഴ്നാട്ടിൽ പോയിരുന്നു. അന്ന് ഈ കുട്ടി എങ്ങനെയാണ് ഭക്ഷണം കഴിച്ചത്. ബ്രഡ് പൊടിച്ച് വെച്ചിരുന്നു എന്നാണ് അവൻ പറയുന്നത്. അവൻ ഇതുപോലെ എന്തൊക്കെയോ പറയുന്നു. ഞങ്ങൾക്ക് ഒന്നും അറിയില്ല -പിതാവ് വ്യക്തമാക്കി.
അതേസമയം, തങ്ങളുടെ വാക്കുകളിൽ ഉറച്ചുനിൽക്കുകയാണ് റഹ്മാനും സജിതയും. ഇവരുടെ വാക്കുകൾ അവിശ്വസിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസും. അതേസമയം, യുവതിയെ 10 വർഷം മുറിയിൽ അടച്ചിട്ടത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വനിത കമീഷൻ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.