നൂറു കോടി കോഴ: കലങ്ങിത്തെളിയാനേറെ
text_fieldsആലപ്പുഴ: നൂറു കോടി രൂപ വാഗ്ദാനം ചെയ്ത് അജിത് പവാറിനുവേണ്ടി എം.എൽ.എമാരെ വിലയ്ക്ക് എടുക്കാൻ തോമസ് കെ. തോമസ് എം.എൽ.എ ശ്രമിച്ചെന്ന ആരോപണത്തിൽ കലങ്ങിത്തെളിയാനുള്ളത് ഏറെ കാര്യങ്ങൾ.
ഇപ്പോഴത്തെ സർക്കാർ രണ്ടരവർഷം പിന്നിട്ടപ്പോൾതന്നെ മന്ത്രിയാകാൻ തോമസ് കെ. തോമസ് അവകാശവാദമുന്നയിച്ചിരുന്നു. എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു അന്ന് തോമസ് കെ. തോമസ്. ഇരുവരും ആലപ്പുഴയിൽ ജില്ലാ പ്രസിഡന്‍റുമാരെ നിയമിച്ചത് വിവാദമായിരുന്നു. പ്രഫുൽ പട്ടേൽ ഇടപെട്ടാണ് തോമസിനെ അനുനയിപ്പിച്ചത്. തുടർന്നും ചാക്കോയുമായി ഇടഞ്ഞുതന്നെയാണ് തോമസ് നിലകൊണ്ടത്. ചാക്കോ ആലപ്പുഴയിൽ പങ്കെടുക്കുന്ന യോഗങ്ങളിൽ പാർട്ടിയുടെ ഇവിടുത്തെ ഏക എം.എൽ.എ പങ്കെടുക്കുമായിരുന്നില്ല.
എൻ.സി.പി പിളർന്നപ്പോൾ പ്രഫുൽ പട്ടേൽ അജിത് പവാറിനൊപ്പം ബി.ജെ.പി ചേരിയിലേക്ക് പോയെങ്കിലും തോമസ് എൽ.ഡി.എഫിനൊപ്പം നിൽക്കുകയായിരുന്നു. ചാക്കോയുമായുള്ള പോരിന് പൊടുന്നനെ വിരാമമിട്ട് മൂന്നുമാസം മുമ്പ് ഇരുവരും ഒരുമിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തോമസിനെ മന്ത്രിയാക്കാനുള്ള നീക്കവുമായി ചാക്കോ രംഗത്തെത്തിയത്. തോമസിന്‍റെ ചില നീക്കങ്ങൾ പാർട്ടിക്ക് സംസ്ഥാനത്ത് വലിയ തിരിച്ചടിയാകുമെന്ന് വന്നതോടെ അദ്ദേഹവുമായി ഒത്തുപോകാൻ ചാക്കോ നിർബന്ധിതനാകുകയായിരുന്നുവെന്ന് പറയപ്പെട്ടിരുന്നു.
മന്ത്രിയെ മാറ്റാൻ ചാക്കോ നടത്തിയ നീക്കങ്ങൾക്ക് തടയിടാനാണ് കോഴ ആരോപണം ആന്‍റണി രാജു ഉയർത്തിയതെന്നാണ് തോമസ് പറയുന്നത്. എൻ.സി.പിയുടെ മന്ത്രിമാറ്റം തടയാൻ എൽ.ഡി.എഫിലെ ഘടകകക്ഷി ഗൂഢനീക്കം നടത്തിയെന്ന ഗുരുതര ആരോപണമാണ് അദ്ദേഹം ഉന്നയിക്കുന്നത്. എൽ.ഡി.എഫിൽ എൻ.സി.പിയുടെ സീറ്റാണ് കുട്ടനാട്. അത് കൈയടക്കാൻ ഘടക കക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസ് ശ്രമിക്കുന്നുവെന്നും തോമസ് ആരോപിക്കുന്നു. ഇതോടെ എൽ.ഡി.എഫിൽ ഘടക കക്ഷികൾ തമ്മിലെ പോരും വെളിച്ചത്താവുന്നു. മന്ത്രിയെ നിശ്ചയിക്കുന്നത് അതത് ഘടകകക്ഷികളാണ് എന്നതാണ് എൽ.ഡി.എഫിലെ കീഴ്വഴക്കം. എൻ.സി.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടും മന്ത്രിമാറ്റത്തിന് മുഖ്യമന്ത്രി തയാറാവാത്തത് എന്തുകൊണ്ട് എന്നതും വ്യക്തമാകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.