100 കോടിവരെ നിക്ഷേപങ്ങള്‍ക്ക് ഒരാഴ്ചക്കകം അനുമതി; നിയമഭേദഗതി പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: 100 കോടി രൂപവരെ മുതല്‍മുടക്കുള്ള വ്യവസായസംരംഭങ്ങള്‍ക്ക് ഒരാഴ്ചക്കകം അനുമതി നല്‍കുന്നതിനുള്ള നിയമഭേദഗതി നിലവില്‍വന്നു. 2019ലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സുഗമമാക്കല്‍ നിയമമാണ് ഭേദഗതി ചെയ്തത്. പത്തുകോടിവരെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേെണ്ടന്നാണ് ചട്ടം.
സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ രേഖകളെല്ലാം ഹാജരാക്കിയാല്‍ ഒരാഴ്ചക്കകം എല്ലാ അംഗീകാരവും നല്‍കും. അപേക്ഷകള്‍ പരിഗണിക്കാനും നടപടി വേഗത്തിലാക്കാനും നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ എന്ന പേരില്‍ സമിതിയും നിലവില്‍വന്നതായി മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. കെ സ്വിഫ്റ്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷയില്‍ ഏഴ് പ്രവൃത്തി ദിവസത്തിനകം സമിതി തീരുമാനമെടുക്കണം. ആഴ്ചതോറും സമിതി യോഗം ചേരണം. ബ്യൂറോയുടെ തീരുമാനം അപേക്ഷകനെയും അധികാരസ്ഥാനങ്ങളെയും അറിയിക്കേണ്ടത് കേരള ഇന്‍വെസ്റ്റ്മെൻറ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷന്‍ സെല്ലാണ്.അപേക്ഷ അംഗീകരിച്ചാല്‍ അഞ്ചുവര്‍ഷം വരെ സാധുതയുണ്ട്. ബാങ്കില്‍നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍നിന്നോ സാമ്പത്തിക സഹായം നേടാന്‍ സാധുവായ രേഖയായും ഇവ ഉപയോഗിക്കാം. അംഗീകാരം ലഭിച്ച് ഒരുവര്‍ഷത്തിനകം, ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം നിക്ഷേപകന് സമര്‍പ്പിക്കണം. ഇതിനുള്ള സമയം നീട്ടി ലഭിക്കാനും അപേക്ഷകന് ബ്യൂറോയെ സമീപിക്കാം. ഒരു വര്‍ഷത്തില്‍ കൂടാതെ കാലാവധി നീട്ടി നല്‍കാം.
ഈ കാലാവധിയും പാലിക്കാത്തപക്ഷം, മറുപടി തൃപ്തികരമല്ലെങ്കില്‍ അംഗീകാരം റദ്ദാക്കും.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ വ്യവസായങ്ങള്‍ക്ക് ഇളവ് ബാധകമല്ല. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കാനോ 2016ലെ കേരള നഗര-ഗ്രാമാസൂത്രണ നിയമത്തില്‍നിന്ന് വ്യതിചലിച്ചുള്ള ഭൂവിനിയോഗത്തിനോ അംഗീകാരം ഉപയോഗിക്കരുത്. ചട്ടങ്ങള്‍ ലംഘിച്ചാലോ നല്കിയ വിവരങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞാലോ ഉടന്‍ അംഗീകാരം റദ്ദുചെയ്യാനും നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോക്ക് അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.