മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന് 100 കോടി: ധൂര്‍ത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി-എസ്.ഡി.പി.ഐ
text_fieldsതൃശൂര്‍: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിയുമ്പോഴും 100 കോടി രൂപ ധൂര്‍ത്തടിച്ച് മന്ത്രിസഭാ വാര്‍ഷികം ആഘോഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ. സാമൂഹിക ക്ഷേമ പെന്‍ഷന്‍ പോലും യഥാസമയം കൊടുത്തുവീട്ടുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസ്സമായി പറയുന്ന സര്‍ക്കാരാണ് കോടികള്‍ ധൂര്‍ത്തടിക്കുന്നത്. കാലിയായ ഖജനാവ് നിറക്കാന്‍ നികുതിയും ഫീസും സര്‍ചാര്‍ജും വര്‍ധിപ്പിക്കുന്ന സര്‍ക്കാരിന്റെ വാര്‍ഷിക മാമാങ്കം പ്രതിഷേധാര്‍ഹമാണ്.
ആഘോഷങ്ങള്‍ക്ക് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനായി മാത്രം 20.71 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. എന്റെ കേരളം എന്ന പേരില്‍ ഒരാഴ്ച നീളുന്ന പ്രദര്‍ശന വിപണന മേളകളാണ് സംഘടിപ്പിക്കുന്നത്. ശീതീകരിച്ച കൂറ്റന്‍ ജര്‍മന്‍ നിര്‍മിത പന്തലുകളാണ് പരിപാടികള്‍ക്കായി നിര്‍മിക്കുന്നത്. ഇവയുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതല ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനാണ് (ഐ.ഐ.ഐ.സി). ഇതിനായി ഓരോ ജില്ലയിലും കിഫ്ബി മൂന്ന് കോടി രൂപ വീതം ഐ.ഐ.ഐ.സിക്കു നല്‍കും.
ഈയിനത്തില്‍ മാത്രം 42 കോടി രൂപയാണ് ചെലവിടുന്നത്. ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ കണ്‍സോര്‍ഷ്യമാണു സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഓരോ ജില്ലയിലെയും ചുമതല കണ്‍സോര്‍ഷ്യം വിവിധ കമ്പനികള്‍ക്കു വീതിച്ചു നല്‍കിയിട്ടുണ്ട്. പരിപാടിയുടെ ഏകോപനം നിര്‍വഹിക്കുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് ഓരോ ജില്ലയിലും 40 ലക്ഷം വീതം ആകെ 5.6 കോടി അനുവദിച്ചിട്ടുണ്ട്.
ഇങ്ങനെ പി.ആര്‍ ഏജന്‍സി വഴിയും പരസ്യ ബോര്‍ഡുകളുള്‍പ്പെടെ പ്രചാരണങ്ങള്‍ക്കായി കോടികള്‍ ധൂര്‍ത്തടിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം ജനവിരുദ്ധമാണ്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കേ പൊതു ഖജനാവിലെ പണം ധൂര്‍ത്തടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ജനാധിപത്യത്തെ അട്ടിമറിക്കലാണെന്നും സംസ്ഥാന പ്രവര്‍ത്തക സമിതി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.