'സാർഥകമായ 100 വർഷങ്ങൾ'; വി.എസിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് മകൻ
text_fieldsകേരളത്തിന്റെ വിപ്ലവ സൂര്യൻ വി.എസ് അച്യുതാനന്ദന് 100 വയസ് തികഞ്ഞിരിക്കുകയാണ്. 100ാം പിറന്നാൾ ആഘോഷിക്കുന്ന വി.എസിന് രാഷ്ട്രീയഭേദമില്ലാതെ കേരളം ആശംസകൾ നേരുകയും ചെയ്തിരുന്നു. വിശ്രമജീവിതം നയിക്കുന്ന വി.എസ് ഏറെക്കാലാമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഇതിനിടെ വി.എസിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മകൻ അരുൺ കുമാർ പങ്കുവെച്ചിരിക്കുകയാണ്. സാർഥകമായ 100 വർഷങ്ങൾ, ഇന്ന് തനിക്ക് ഏറെ സന്തോഷമുള്ള ദിനമാണെന്ന് ഫേസ്ബുക്കിൽ കുറിച്ചാണ് മകൻ വി.എസിന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.
ഏഴര പതിറ്റാണ്ട് കാലം കേരളത്തിലെ പൊതുരംഗത്ത് നിറഞ്ഞുനിന്ന രാഷ്ട്രീയനേതാവാണ് വി.എസ് അച്യുതാനന്ദൻ. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പടെ നിർണായകമായ ചുമതലകൾ പലതും വഹിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ ജനകീയ നേതാവ് എന്നാണ് വി.എസിനെ ഇപ്പോഴും അടയാളപ്പെടുത്തുന്നത്.
1946ല്‍ പുന്നപ്രയിലെ പൊലീസ് ക്യാമ്പ് ആക്രമണത്തിന്‍റെ സൂത്രധാരന്മാരിൽ പ്രധാനിയാണ് വി.എസ്. അന്ന് പൊലീസ് പിടിയിലായപ്പോൾ ഭീകരമര്‍ദനമേറ്റു. ബയണറ്റ് കാലില്‍ കുത്തിക്കയറ്റിയതിന്റെ പാട് ആ ശരീരത്തിലുണ്ട്. മര്‍ദനത്തില്‍ മരിച്ചെന്നു കരുതി ജഡം കാട്ടില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അതിന് സഹായിയായിരുന്ന കള്ളന്‍ കോലപ്പനാണ് ഞരക്കം കേട്ട് പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
അല്ലായിരുന്നെങ്കിൽ കേരളത്തിന്‍റെ വിപ്ലവസൂര്യൻ അവിടെ അവസാനിക്കുമായിരുന്നു. സി.പി.ഐ കേന്ദ്രസമിതിയില്‍നിന്ന് ഇറങ്ങിപ്പോയി സി.പി.എം രൂപവത്കരിച്ച 32 പേരില്‍ ശേഷിക്കുന്നത് വി.എസും തമിഴ്നാട്ടില്‍ നിന്നുള്ള 102കാരനായ എന്‍. ശങ്കരയ്യയും മാത്രം.
ഏഴാം തരം വരെ മാത്രം പഠിച്ച വി.എസിന്‍റെ പാഠശാല ജനങ്ങളായിരുന്നു. ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ വികാരവും വിചാരവും പങ്കുവെച്ച് നേടിയ അറിവാണ് വി.എസിന്‍റെ നിലപാടുകൾ രൂപപ്പെടുത്തിയത്. അതുകൊണ്ടാണ് പ്രതിപക്ഷത്തായിരിക്കുമ്പോൾ മാത്രമല്ല, ഭരണാധികാരിയായിരുന്നപ്പോഴും അദ്ദേഹം ജനപക്ഷത്ത് നിൽക്കാൻ ശ്രമിക്കുന്നതായി അനുഭവപ്പെട്ടത്. എൽ.ഡി.എഫ് കണ്‍വീനറും പ്രതിപക്ഷ നേതാവുമായിരിക്കെ, നടത്തിയ ഇടപെടലുകളാണ് വി.എസിനെ ജനകീയനായ നേതാവാക്കി മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.