എ.ടി.എം കവർച്ച: അസ്ലൂപ് ഖാനെ കണ്ടെത്താൻ എത്തിയത് 100 പൊലീസ്
text_fieldsചെങ്ങന്നൂർ: എ.ടി.എം കവർച്ചക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ആർ.കെ പുരം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അസ്ലൂപ് ഖാൻ സമാന്തര പൊലീസ് സ്റ്റേഷൻ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഡൽഹിയിലെ കുപ്രസിദ്ധിയാർജിച്ച ഷിഖാപൂരിലെ ഗലിയിലാണ് ഇയാൾ സമാന്തര പൊലീസ് സ്റ്റേഷൻ തുറന്നത്.
ഗലിയിലേക്ക് അനുവാദമില്ലാതെ പൊലീസിനുപോലും പ്രവേശനമുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കി ഡൽഹി-ഹരിയാന പൊലീസിെൻറ സഹായത്തോടെ അന്വേഷണസംഘം ഗലിയിലെത്തിയത് 50 കമാൻഡോകളടങ്ങിയ 100 അംഗ പൊലീസ് സേനയുമായി. എന്നാൽ, പൊലീസിെൻറ നീക്കം മണത്തറിഞ്ഞ അസ്ലൂപ് ഖാൻ രക്ഷപ്പെട്ടു. ഡൽഹി-ഹരിയാന സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശവും കുപ്രസിദ്ധ മോഷ്ടാക്കളുടെ താവളവുമാണ് ഷിഖാപൂരിലെ ഗലി.
ഇവിടെ സായുധസേന ഇല്ലാതെ എത്തിയാൽ ആക്രമിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. സസ്പെൻഷനിൽ കഴിഞ്ഞിരുന്ന അസ്ലൂപ് ഖാനെ കണ്ടെത്താനുള്ള ശ്രമം ഡൽഹി പൊലീസ് നടത്തുന്നതിനിടെയാണ് കേരളത്തിൽനിന്നുള്ള അന്വേഷണ സംഘം ഇവിടെ എത്തുന്നത്. മോഷണക്കേസിൽ ചെങ്ങന്നൂർ ആലാ പെണ്ണുക്കര കനാൽ ജങ്ഷനുസമീപം ഇടയിലേത്ത് വീട്ടിൽ സുരേഷ് കുമാറിനെ(37) പിടികൂടിയതോടെയാണ് അസ്ലൂപ് ഖാെൻറ പങ്ക് മനസ്സിലായത്.
ഗലിയിലെ ഏത് പ്രശ്നത്തിലും അന്തിമ തീർപ്പ് കൽപ്പിക്കുന്നത് അസ്ലൂപ് ഖാൻ ആയിരുന്നു. ഇയാൾക്ക് ഗലിയിൽ മൂന്ന് ആഡംബര വീടുകൾ സ്വന്തമായുണ്ട്. ഡൽഹിയിലും രണ്ട് ഫ്ലാറ്റുകൾ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി. പൊലീസ് സേനാംഗമായി തുടരുമ്പോൾത്തന്നെ തിരുട്ടുഗ്രാമത്തിലെ തെൻറ സൃഹൃത്തുക്കളുമായി ചേർന്ന് ഇയാൾ മോഷണങ്ങൾ ആസൂത്രണംചെയ്യുകയും നടത്തുകയുമായിരുന്നു. അസ്ലൂപ് ഖാന് രണ്ട് ഭാര്യമാരുണ്ട്. ഇവരെ കേന്ദ്രീകരിച്ചും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.