1000 മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ; അഭിമാനനേട്ടവുമായി എറണാകുളം മെഡിക്കൽ കോളജ്
text_fieldsകൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗത്തിൽ 30 മാസത്തിനുള്ളിൽ നടത്തിയത് 1000 മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ. ഒരേസമയം രണ്ട് മുട്ട് മാറ്റിവെക്കുന്ന ശസ്ത്രക്രിയ സർക്കാർ മെഡിക്കൽ കോളജുകളിൽ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രമാണുള്ളത്.
മറ്റ് ആശുപത്രികളിൽ പരാജയപ്പെട്ട ശസ്ത്രക്രിയകളും വളരെ സങ്കീർണതകൾ നിറഞ്ഞ ഇടുപ്പെല്ല്, തോളെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയകളും മെഡിക്കൽ കോളജിൽ വിജയകരമായി നിർവഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.
എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലെ പശ്ചാത്തല സൗകര്യവികസനവും രോഗികൾക്കുള്ള സേവനം മെച്ചപ്പെടുത്തിയതുമാണ് മുട്ട് മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് ഇത്രയേറെ വർധനക്ക് കാരണമെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.
ചെലവേറിയ ഈ ശസ്ത്രക്രിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സൗജന്യമായും ഈ പദ്ധതിയിൽ ഉൾപ്പെടാത്ത രോഗികൾക്ക് വളരെ കുറഞ്ഞ ചെലവിലുമാണ് നടത്തുന്നത്.
ഈ കഴിഞ്ഞ കാലയളവിൽ എറണാകുളം മെഡിക്കൽ കോളജിൽ അസ്ഥിരോഗ വിഭാഗത്തിൽ രോഗികളുടെ വലിയ വർധനയാണ് ഉണ്ടായത്. അസ്ഥിരോഗ വിഭാഗം മേധാവി ഡോ. ജോർജ്കുട്ടിയുടെയും പ്രഗല്ഭരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ദിവസേന പത്ത് മേജർ സർജറികളും കൂടാതെ എമർജൻസി സർജറി, മൈനർ സർജറി എന്നിവയും നടത്തുന്നു. അസ്ഥിരോഗ വിഭാഗത്തിൽ 400ൽ അധികം ആളുകളാണ് ദിവസവും ചികിത്സക്ക് എത്തുന്നത്.
എറണാകുളം സർക്കാർ മെഡിക്കൽ കോളജ് സേവനങ്ങൾ സാധാരണ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാൻ കഴിയുന്നു എന്നതാണ് മെഡിക്കൽ കോളജിന്റെ ഈ മുന്നേറ്റത്തിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.