വേണ്ടത് 10,000 കോടി; ജല വൈദ്യുതി പദ്ധതികളുടെ ഭാവിയിൽ ആശങ്ക
text_fieldsതിരുവനന്തപുരം: സാമ്പത്തികഞെരുക്കം കെ.എസ്.ഇ.ബിയുടെ വിവിധ ജല വൈദ്യുതി പദ്ധതികളുടെ ഭാവിയിൽ ആശങ്ക പരത്തുന്നു. ഇടുക്കിയിൽ രണ്ടാംനിലയം ഉൾപ്പെട്ട പദ്ധതികൾ പരിണനയിലാണെങ്കിലും കെ.എസ്.ഇ.ബിയുടെയും സർക്കാറിന്റെയും സാമ്പത്തികസ്ഥിതി ശുഭകരമല്ലാത്തത് തുടർപ്രവർത്തനങ്ങളെ ബാധിച്ചേക്കും. പദ്ധതികളുടെ പൂർത്തീകരണത്തിന് ആകെ ഏതാണ്ട് 10,000 കോടി രൂപ വേണ്ടിവരും. 18 പുതിയ പദ്ധതികളാണ് കെ.എസ്.ഇ.ബിയുടെ പരിണനയിലുള്ളത്.
ഇവക്ക് 9292 കോടി രൂപ ചെലവ് കണക്കാക്കുന്നു. ഈ പദ്ധതികൾ വഴി 1606 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. 800 മെഗാവാട്ടിന്റെ ഇടുക്കി ഗോൾഡൻ ജൂബിലി ജല വൈദ്യുതി പദ്ധതിക്ക് മാത്രം 3062 കോടി രൂപയാണ്. ശബരിഗിരി എക്സ്റ്റൻഷൻ സ്കീമിന് പ്രതീക്ഷീത ചെലവ് 3128 കോടി രൂപയാണ്. ലക്ഷ്മി, പൊരിങ്ങൽകുത്ത് മൈക്രോ, ചെറുകിട പദ്ധതികളായ അപ്പർ ചെങ്കുളം, പീച്ചാട് തുടങ്ങിയവയുടെ ഭാവിയിലും പണലഭ്യത മുഖ്യമാണ്.
നിർമാണഘട്ടത്തിലുള്ള ഒമ്പത് പദ്ധതികളുടെ പൂർത്തീകരണത്തിനും 662 കോടിയിലേറെ വേണം. പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ പുതുക്കിയ 434 കോടിയുടെ അടങ്കൽ തുകയിൽ ഇതിനകം 397 കോടി രൂപ ചെലവിട്ടു. പദ്ധതി പൂർത്തിയാക്കാൻ 36.83 കോടി രൂപ കൂടി വേണം. 295 കോടി ചെലവ് പ്രതീക്ഷിക്കുന്ന മാങ്കുളം ജല വൈദ്യുതി പദ്ധതിക്ക് ഇതുവരെ ചെലവഴിച്ചത് 21 കോടി രൂപയാണ്. പദ്ധതി കമീഷൻ ചെയ്യാൻ 273 കോടി രൂപ ഇനി വിനിയോഗിക്കണം.
232.26 കോടി ചെലവ് കണക്കാക്കുന്ന ചിന്നാർ ചെറുകിട ജല വൈദ്യുതി പൂർത്തീകരിക്കാൻ 112 കോടി രൂപയാണ് വേണ്ടത്. ഇതിനകം 178 കോടി ചെലവിട്ട ഭൂതത്താൻ ചെറുകിട ജല വൈദ്യുതി പദ്ധതി പ്രവർത്തന സജ്ജമാക്കാൻ 11.72 കോടിയും 162.64 കോടി വിനിയോഗിച്ച തോട്ടിയാർ പൂർത്തീകരിക്കാൻ 36.25 കോടിയും ആവശ്യമുണ്ട്. പഴശ്ശിസാഗർ, ചെറുകിട ജല വൈദ്യുതി പദ്ധതികളായ ഒലിക്കൽ, പൂവാരംതോട് എന്നിവക്കും കോടികൾ വേണം.
സാമ്പത്തിക പ്രതിസന്ധി തടസ്സമാണെന്ന വസ്തുത നിലനിൽക്കുമ്പോഴും പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന സാഹചര്യത്തിൽ പദ്ധതികളുടെ നിർമാണം വേഗത്തിലാക്കുമെന്ന് ഊർജ വകുപ്പ് വിശദീകരിക്കുന്നു. ഇക്കാര്യം നിയമസഭയിൽ കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.