സർക്കാറിന്റെ വൃദ്ധസദനങ്ങളിൽ പതിനായിരത്തോളം വയോജനങ്ങൾ
text_fieldsകൊച്ചി: സംസ്ഥാനത്ത് സർക്കാർ സഹായമുള്ള വൃദ്ധസദനങ്ങളിൽ കഴിയുന്നത് 9547 വയോജനങ്ങൾ. സർക്കാർ നേരിട്ട് നടത്തുന്നതും ഗ്രാൻറ് അടക്കമുള്ള സഹായങ്ങൾ നൽകുന്നതുമായ വൃദ്ധസദനങ്ങളിലെ കണക്കാണിത്. വിവിധ ജില്ലകളിലായി സർക്കാർ നേരിട്ട് നടത്തുന്നത് 17 വൃദ്ധസദനങ്ങളാണ്. സർക്കാർ ഗ്രാന്റോടെ വിവിധ എൻ.ജി.ഒകളുടെ കീഴിൽ 199 വൃദ്ധ സദനങ്ങളും പ്രവർത്തിക്കുന്നു. ഇതിൽ സർക്കാർ നേരിട്ട് നടത്തുന്ന 17 സ്ഥാപനങ്ങളിൽ 777 അന്തേവാസികളുണ്ട്. ഇവിടങ്ങളിൽ 1207 പേരെ താമസിപ്പിക്കാനുള്ള സൗകര്യമാണുള്ളത്. ഇവയിൽ ഒരെണ്ണം വനിതകൾക്കും നാലെണ്ണം ശാരീരിക പരിമിതിയുള്ളവർക്കും വേണ്ടിയാണ്. സർക്കാർ ഗ്രാന്റോടെ പ്രവർത്തിക്കുന്നവയിൽ 8470 പേരും. ഇവിടങ്ങളിൽ 12,639 പേരെ പാർപ്പിക്കാമെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.
സർക്കാർ നടത്തുന്ന സ്ഥാപനങ്ങളുടെ മുഴുവൻ ചെലവുകളും സർക്കാർതന്നെയാണ് വഹിക്കുന്നത്. ഗ്രാൻറിന് അർഹതയുള്ള സ്ഥാപനങ്ങളിൽ ഒരു വ്യക്തിക്ക് 1100 രൂപ വീതം സർക്കാർ നൽകുന്നു. ഇതിന് പുറമേ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് സ്വകാര്യവ്യക്തികളും മത-സന്നദ്ധ സംഘടനകളും നടത്തുന്ന സ്ഥാപനങ്ങളും സംസ്ഥാന വ്യാപകമായുണ്ട്. ഇതെല്ലാംകൂടി ചേരുമ്പോൾ സംസ്ഥാനത്ത് 760 വൃദ്ധസദനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
ഇവിടങ്ങളെല്ലാം ചേർത്തുള്ള അന്തേവാസികളുടെ എണ്ണം കാൽലക്ഷത്തോളം വരും. ഇതിൽ 32 എണ്ണം ഫീസ് വാങ്ങി അന്തേവാസികളെ താമസിപ്പിക്കുന്നവയാണ്. അന്തേവാസികളിൽ ഭൂരിഭാഗവും അമ്മമാരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മക്കൾ ഉപേക്ഷിച്ചവരും വിദേശരാജ്യങ്ങളിലായവരും മറ്റു പ്രശ്നങ്ങൾമൂലം വീട് വിട്ടിറങ്ങിയവരുമാണ് ഭൂരിഭാഗവും.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിൽ കിടപ്പുരോഗികൾക്കായുള്ള വൃദ്ധസദനവുമുണ്ട്. 25 പേരെ താമസിപ്പിക്കുന്നതിന് അനുമതിയുള്ള ഇവിടെ നിലവിൽ 12 പേരാണുള്ളത്. വൃദ്ധസദനങ്ങൾ കൂടുതലുള്ളത് എറണാകുളം ജില്ലയിലും കുറവ് മലപ്പുറത്തുമാണ്. ഇതോടൊപ്പം ആരുടെയും തുണയില്ലാതെ ഒറ്റക്ക് ജീവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വയോജനങ്ങൾക്ക് അടിയന്തര വൈദ്യസഹായം, സഹായിയുടെ സേവനം, പുനരധിവാസം എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കുന്ന വയോരക്ഷ പദ്ധതിയിൽ മൂന്ന് വർഷത്തിനിടെ 314 വയോജനങ്ങൾ ഗുണഭോക്താക്കളായിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. ഇവർക്കായി അടിയന്തര ഘട്ടത്തിൽ 10,000 രൂപ വരെ വിനിയോഗിക്കാനുള്ള അവകാശം ജില്ലതല ഓഫിസർമാർക്ക് നൽകിയിട്ടുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.