ബ്രിട്ടീഷുകാരെ വിറപ്പിച്ച പൂക്കോട്ടൂര്‍ യുദ്ധത്തിന് 101 ആണ്ട്
text_fieldsപൂക്കോട്ടൂര്‍: സ്വാതന്ത്ര്യത്തിനായി പ്രാദേശികമായി നടന്ന പോരാട്ടങ്ങള്‍ അധിനിവേശ ശക്തികളായ ബ്രിട്ടീഷുകാര്‍ നാട്ടുലഹളകളാക്കി ചിത്രീകരിച്ചപ്പോള്‍ അവര്‍തന്നെ യുദ്ധമെന്ന് വിശേഷിപ്പിച്ച പൂക്കോട്ടൂരിലെ പോരാട്ടത്തിന് 101 ആണ്ട്. 1921 ആഗസ്റ്റ് 25ന് കോഴിക്കോട്ടുനിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ട ബ്രിട്ടീഷ് പട്ടാളത്തെയാണ് 26ന് നാടൻ ആയുധങ്ങളുമായി പൂക്കോട്ടൂരിലെ പോരാളികൾ നേരിട്ടത്.
ക്യാപ്റ്റൻ മെക്കൻറോയിയുടെ നേതൃത്വത്തിൽ ലെയിൻസ്റ്റർ റെജിമെന്‍റിലെ 100 സൈനികരും എ.എസ്.പി കൽബർട്ട് ബക്സ്റ്റൺ ലങ്കാസ്റ്ററുടെ നേതൃത്വത്തിൽ സ്പെഷൽ ഫോഴ്സിലെ 70 പേരും ലോക്കൽ ഓഫിസേഴ്സ് ഓക്സിലിയറി ക്യാമ്പിലെ യുദ്ധ നിപുണരും മുൻ ഉദ്യോഗസ്ഥരുമായ ആറ് യൂറോപ്യന്മാരും വൈദ്യസഹായവുമായി റോയൽ ആർമി മെഡിക്കൽ കോർപ്സ് സംഘവുമാണ് ബ്രിട്ടീഷ് സൈന്യത്തിലുണ്ടായിരുന്നത്. പൂക്കോട്ടൂർ യുദ്ധത്തിൽ ഒരു മാപ്പിള വനിത യോദ്ധാവ് രക്തസാക്ഷിയായ വിവരം രേഖപ്പെടുത്തിയത് റോയൽ ആർമി മെഡിക്കൽ കോർപ്സ് ക്യാപ്റ്റൻ സള്ളിവനാണ്.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെത്തന്നെ അപൂർവ സംഭവമാണിത്. പൂക്കോട്ടൂരിനും പിലാക്കലിനുമിടയില്‍ നടന്ന യുദ്ധത്തില്‍ മരിച്ചവരുടെ കൂട്ട ഖബറിടങ്ങള്‍ കോഴിക്കോട് -പാലക്കാട് ദേശീയ പാതയോരത്താണുള്ളത്.എ.എസ്.പി ലങ്കാസ്റ്ററടക്കം മൂന്ന് ബ്രിട്ടീഷ് സൈനികരും നാനൂറില്‍പരം മാപ്പിളമാരും പൂക്കോട്ടൂര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്നാണ് ബ്രിട്ടീഷ് ഭാഷ്യം. എന്നാൽ, യുദ്ധം കഴിഞ്ഞ് നാലാം ദിവസം (ആഗസ്റ്റ് 29ന്) പ്രസിദ്ധീകരിച്ച അമേരിക്കൻ പത്രങ്ങളായ ബഫലോ ടൈംസ്, ദ യോർക് ഡെസ്പാച്ച്, ബോസ്റ്റൺ ഗ്ലോബ് തുടങ്ങിയവയുടെ ഒന്നാം പേജ് വാർത്ത പ്രകാരം പൂക്കോട്ടൂർ യുദ്ധത്തിൽ ഒട്ടേറെ യൂറോപ്യന്മാർ കൊല്ലപ്പെടുകയും ലെയിൻസ്റ്റർ റെജിമെന്‍റിലെ 70 സൈനികരെയും 17 ഇന്ത്യൻ പൊലീസുകാരെയും കാണാതായിട്ടുമുണ്ട്.
കോണ്‍ഗ്രസ് ഖിലാഫത്ത് നേതാക്കളായ അബ്ദുറഹിമാന്‍ സാഹിബ്, എം.പി. നാരായണ മേനോന്‍, ഇ. മൊയ്തു മൗലവി, ഗോപാല മേനോന്‍ എന്നിവരുടെ പങ്കും പൂക്കോട്ടൂര്‍ യുദ്ധത്തിലേക്കു നാട്ടുകാരെ നയിച്ചതില്‍ പ്രധാനമാണ്.സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വീരോദാത്തമായ ഈ അധ്യായം പഠിക്കാന്‍ നിരവധി ചരിത്രാന്വേഷികള്‍ ഇപ്പോഴും പൂക്കോട്ടൂരില്‍ എത്തുന്നുണ്ട്. എന്നാല്‍, യുദ്ധശേഷിപ്പുകള്‍ കാണാനും ചരിത്ര വിവരങ്ങള്‍ അറിയാനും വിദേശികളുള്‍പ്പെടെയുള്ള ചരിത്ര പഠിതാക്കള്‍ക്ക് ഇവിടെ അവസരമില്ല. ദേശീയ ചരിത്രകാരന്മാര്‍ ഈ വിഷയം വേണ്ടവിധം പരിഗണിച്ചില്ലെന്ന ആക്ഷേപം കാലങ്ങളായി ഉയരുന്നതാണ്.
പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിനു മുന്നിലുള്ള യുദ്ധ സ്മാരകത്തില്‍ കവിഞ്ഞ് അധിനിവേശത്തിനെതിരെ നടന്ന സായുധ പോരാട്ടം പഠിക്കാന്‍ പോലും നവ തലമുറക്ക് സ്വാതന്ത്ര്യാനന്തര ഭരണകൂടം അവസരമൊരുക്കിയിട്ടില്ല.കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പൂക്കോട്ടൂര്‍ യുദ്ധത്തിന്‍റെ ഗവേഷണത്തിന് ചരിത്ര വിദ്യാര്‍ഥികളെ പ്രാപ്തരാക്കും വിധം ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ നടപടികളുണ്ടായില്ല.
സ്വാതന്ത്ര്യ സമരത്തിലെ രക്തപങ്കിലമായ ഭൂമികയെ പൈതൃക നഗരിയായി സംരക്ഷിക്കുകയും യുദ്ധ ചരിത്രം കൂടുതല്‍ പഠന വിധേയമാക്കണമെന്നുമാണ് നൂറ്റാണ്ടിന്‍റെ പഴക്കമുള്ള ആവശ്യം. ബ്രിട്ടീഷ് രേഖകളുള്‍പ്പെടെ പോരാട്ട ചരിത്രം പഠിക്കാന്‍ വിപുലമായ ലൈബ്രറി പൂക്കോട്ടൂരില്‍ ഒരുക്കി ഖബറിടങ്ങളും കോവിലകം ഭാഗവും യുദ്ധ സ്മരണ ഉറങ്ങുന്ന മേഖലയും ഉള്‍പ്പെടുത്തി ചരിത്ര പഠന പദ്ധതിയാണ് യുദ്ധത്തിന്‍റെ ദിശതേടി പൂക്കോട്ടൂരിലെത്തുന്നവര്‍ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.