പോപുലർ ഫ്രണ്ട് ഹർത്താലിൽ 1.02 കോടിയുടെ നാശമെന്ന് സർക്കാർ; 'ഇനിയും അറസ്റ്റുണ്ടാകും, സ്വത്ത് കണ്ടുകെട്ടാൻ നടപടി'
text_fieldsകൊച്ചി: സെപ്റ്റംബർ 23ന് പോപുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ 1.02 കോടിയുടെ നാശനഷ്ടമെന്ന് സർക്കാർ കോടതിയിൽ. 86,61,755 രൂപയുടെ പൊതുമുതലും 16,13,020 രൂപയുടെ സ്വകാര്യ സ്വത്തും നശിപ്പിക്കപ്പെട്ടതായി സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചു.
കോടതി നിർദേശപ്രകാരം റവന്യൂ റിക്കവറി നടപടി ആരംഭിക്കാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വത്തുക്കൾ തിട്ടപ്പെടുത്താൻ രജിസ്ട്രേഷൻ ഐ.ജിയുമായി ചേർന്ന് നടപടിക്ക് സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. നഷ്ടപരിഹാര അപേക്ഷകൾ പരിഗണിക്കുന്നത് ക്ലെയിംസ് കമീഷണറായി ചുമതലപ്പെടുത്തിയ പി.ഡി. ശാർങ്ഗധരൻ ആയിരിക്കുമെന്നും ആഭ്യന്തര അഡീ. സെക്രട്ടറി ഡി. സരിത സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.
നാശനഷ്ടങ്ങളുടെ ജില്ല തിരിച്ച പട്ടികയും സമർപ്പിച്ചിട്ടുണ്ട്. ഹർത്താലിനെ തുടർന്ന് ഹൈകോടതി സ്വമേധയാ പരിഗണിച്ച ഹരജിയിലാണ് വിശദീകരണം. ഇനിയും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.