രണ്ട് വർഷത്തിനിടെ മന്ത്രിമാരും മുൻമന്ത്രിമാരും ചികിൽസക്കായി കൈപ്പറ്റിയത് 1.03 കോടി
text_fieldsകൊച്ചി: രണ്ട് വർഷം മന്ത്രിമാരും മുൻമന്ത്രിമാരും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ളവർ ചികിത്സ ചെലവിനുള്ള മെഡിക്കൽ റീഇംബേഴ്സ്മെന്റായി കൈപ്പറ്റിയത് 1.03 കോടി രൂപ. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ 16 മന്ത്രിമാരും പ്രതിപക്ഷ നേതാവും കൂടി കഴിഞ്ഞ 24 മാസത്തിനിടെ കൈപ്പറ്റിയത് 92.58 ലക്ഷം രൂപയാണ്. മുൻകാല പ്രാബല്യ ആനുകൂല്യത്തിലൂടെ ഒന്നാം പിണറായി മന്ത്രിസഭയിലെ 13 മന്ത്രിമാർ 11.02 ലക്ഷവും കൈപ്പറ്റി. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് പൊതുഭരണ വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് കണക്കുകൾ.
മെഡിക്കൽ റീഇംബേഴ്സ്മെന്റ് തുക ഏറ്റവും കൂടുതൽ വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനാണ് -31.76 ലക്ഷം. ഇതിൽ 29.82 ലക്ഷം വിദേശത്തെ ചികിത്സക്കാണ്. 31.31 ലക്ഷം കൈപ്പറ്റിയ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയാണ് രണ്ടാമത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 97,838 രൂപ കൈപ്പറ്റി. മന്ത്രിമാരിൽ ഏറ്റവും കുറവ് തുക വാങ്ങിയത് സജി ചെറിയാനാണ് -12,096 രൂപ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് 11,100 രൂപ മാത്രമാണ് കൈപ്പറ്റിയത്.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി -8.85 ലക്ഷം, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ -4.04 ലക്ഷം, ഗതാഗതമന്ത്രി ആന്റണി രാജു -3.99 ലക്ഷം, വഖഫ്, ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹ്മാൻ -2.68 ലക്ഷം, വനംമന്ത്രി എ.കെ. ശശീന്ദ്രൻ -2.44 ലക്ഷം, സഹകരണ മന്ത്രി വി.എൻ. വാസവൻ -2.21 ലക്ഷം, മുൻ തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ -1.97 ലക്ഷം, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു - 93,378, ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി ജി.ആർ. അനിൽ 72,122, ദേവസ്വം, പിന്നാക്കക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ 24,938, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി -17,920 എന്നിങ്ങനെയാണ് ആനുകൂല്യം കൈപ്പറ്റിയത്.
അതേസമയം, സി.പി.എമ്മിൽനിന്നുള്ള ധനമന്ത്രി കെ.എൻ. ബാലഗോപാൽ, തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, ആരോഗ്യമന്ത്രി വീണ ജോർജ് സി.പി.ഐയിൽനിന്നുള്ള റവന്യൂ മന്ത്രി കെ. രാജൻ, കൃഷിമന്ത്രി പി. പ്രസാദ് എന്നിവർ മെഡിക്കൽ റീഇംബേഴ്സ്മെന്റായി പണമൊന്നും വാങ്ങിയിട്ടില്ല. മന്ത്രിമാർക്ക് മെഡിക്കൽ ഇൻഷുറൻസോ ജീവനക്കാർക്കായി ആരംഭിച്ച മെഡിസെപ് പോലുള്ള പദ്ധതികളിലോ പങ്കാളിത്തം നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
സർക്കാർ മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും വിദഗ്ധ ചികിത്സയും എല്ലാവിധ മരുന്നുകളും സൗജന്യമായി ലഭിക്കുമ്പോഴാണ് പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികളിലും വിദേശത്തുമുള്ള ചികിത്സക്ക് പൊതുഖജനാവിൽനിന്ന് ലക്ഷങ്ങൾ ഇവർ കൈപ്പറ്റുന്നതെന്ന് എം.കെ. ഹരിദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.