കരിപ്പൂരിൽ ഈ വർഷം കസ്റ്റംസ് പിടിച്ചത് 103.88 കോടിയുടെ സ്വർണം
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്ത് കേസുകളിൽ വർധന. മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി 49.42 ശതമാനം വർധനവാണ് ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള സമയങ്ങളിലുണ്ടായത്. 2022 ജനുവരി മുതൽ ആഗസ്റ്റ് 31 വരെ 250 കേസുകളിലായി 201.9 കിലോഗ്രാം സ്വർണമാണ് പിടിച്ചത്. ഇതിന് 103.88 കോടി രൂപ വില വരും. ആഗസ്റ്റിൽ മാത്രം 20 കേസുകളിലായി 21.63 കിലോഗ്രാം സ്വർണം പിടിച്ചിട്ടുണ്ട്. 11.16 കോടി രൂപ വിപണിവിലയാണ് ഇതിനുള്ളത്.
വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഇന്‍റലിജൻസ് മാത്രം പിടികൂടിയ സ്വർണത്തിന്‍റെ കണക്കാണിത്. കൂടാതെ, കോഴിക്കോട്, കൊച്ചി കസ്റ്റംസ് പ്രിവന്‍റിവ് ഡിവിഷൻ, കോഴിക്കോട്, കൊച്ചി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡി.ആർ.ഐ), കരിപ്പൂർ പൊലീസ് എന്നിവരും നിരവധി കേസുകളിലായി സ്വർണം പിടിച്ചു. ഈ വർഷം 1.09 കോടി രൂപക്ക് തുല്യമായ വിദേശകറൻസിയും കണ്ടെടുത്തു. 250 കേസുകളിലായി 146 പേരാണ് അറസ്റ്റിലായത്. അഞ്ച് പേരാണ് റിമാൻഡിലായത്.
നേരത്തെ, 20 ലക്ഷം രൂപക്ക് മുകളിൽ മൂല്യമുള്ള സ്വർണവുമായി എത്തിയിരുന്നവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. പുതിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ 50 ലക്ഷം രൂപക്ക് മുകളിൽ മൂല്യം വരുന്ന സ്വർണവുമായി എത്തുന്നവരെ മാത്രമേ അറസ്റ്റ് ചെയ്യാൻ സാധിക്കൂ. ആഗസ്റ്റ് 16 മുതലാണ് പുതിയ നിർദേശം നടപ്പാക്കിയത്. ഇതോടെ, 50 ലക്ഷം രൂപക്ക് താഴെ മൂല്യമുള്ള സ്വർണവുമായി എത്തുന്നവരെ അറസ്റ്റ് ചെയ്യാനാകില്ല.
കഴിഞ്ഞ ഡിസംബറിൽ വിമാനത്താവളത്തിൽ പൊലീസ് സഹായ കേന്ദ്രം സ്ഥാപിച്ചതിന് ശേഷം ഇത് വരെ 23 കോടിയോളം രൂപയുടെ 42 കിലോയിലധികം സ്വർണമാണ് പൊലീസ് പിടിച്ചത്. അമ്പതിലധികം സ്വർണക്കടത്ത് കേസുകളും കരിപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.