104 കെ.എ.എസ് ഉദ്യോഗസ്ഥർ സർവിസിലേക്ക്; പരിശീലന പൂർത്തീകരണ പ്രഖ്യാപനം ജൂൺ 27ന്
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം സിവിൽ സർവിസെന്ന് അറിയപ്പെടുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലേക്ക് (കെ.എ.എസ്) പ്രവേശനം ലഭിച്ച ആദ്യ ബാച്ചിലെ 104 ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കി വിവിധ തസ്തികകളിൽ നിയമിതരാകുന്നു. പരിശീലന പൂർത്തീകരണ പ്രഖ്യാപനം ജൂൺ 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.തിരുവനന്തപുരം ഐ.എം.ജി നേതൃത്വത്തിലായിരുന്നു രണ്ട് ഘട്ടങ്ങളിലായി 18 മാസ പരിശീലനം. 2021 ഡിസംബർ 24 മുതൽ 2022 ഡിസംബർ 23 വരെയുള്ള ആദ്യ ഘട്ടത്തിൽ ഫൗണ്ടേഷൻ കോഴ്സ്, കോർ കോഴ്സ് എന്നിങ്ങനെ ഭരണ സംവിധാനത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് വിശദ ക്ലാസും സെക്ടറർ സെമിനാറും നടത്തി.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്, കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, ടെക്നോപാർക്കിലെ ഫാബ് ലാബ്, സ്റ്റാർട്ടപ് മിഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർഷെഡ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് ഇൻ കേരള എന്നിവിടങ്ങളിൽ ഫീൽഡ് വിസിറ്റും സാംസ്കാരിക, ചരിത്ര, വാണിജ്യ, ഭരണ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനവുമൊരുക്കി. 21 ദിവസത്തെ ഭാരത് ദർശൻ പ്രോഗ്രാമിൽ ഭരണ മാതൃകകളും സ്ഥാപനങ്ങളും സന്ദർശിച്ചു.
ഹൈദരാബാദ് ടി-ഹബ്, റാലിഗാൻസിദ്ദി, നവി മുംബൈ മുനിസിപ്പൽ കോർപറേഷൻ എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു. അഹമ്മദാബാദിലെ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഭുവനേശ്വറിലെ ഗോപബന്ധു അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ, കൊൽക്കത്ത അഡ്മിനിസ്ട്രേറ്റിവ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ജയ്പൂരിലെ രാജസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഹിമാചൽ പ്രദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, എ.ടി.ഐ ത്രിപുര എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു.
മൂന്നുദിവസം വീതം സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ്, സഹകരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, വ്യവസായ വകുപ്പ്, ഓഡിറ്റ് വകുപ്പ്, തൊഴിൽ വകുപ്പ്, ആർ.ഡി.ഒ/സബ് കലക്ടർ ഓഫിസുകൾ, പഞ്ചായത്ത് വകുപ്പ്, രജിസ്ട്രേഷൻ വകുപ്പ്, ഗ്രാമ വികസന വകുപ്പ്, പട്ടികജാതി വകുപ്പ്, പട്ടികവർഗ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, ജി.എസ്.ടി വകുപ്പ്, സർവേ വകുപ്പ്, ട്രഷറി വകുപ്പ്, നഗരകാര്യ വകുപ്പ്, സിറ്റ് പൊലീസ്/ജില്ല പൊലീസ് മേധാവിമാരുടെ കാര്യാലയങ്ങൾ എന്നിവിടങ്ങളിൽ ഇവരെ അറ്റാച്ച് ചെയ്തിരുന്നു.ജനുവരി മുതൽ ജൂൺ വരെയുള്ള രണ്ടാംഘട്ട പരിശീലനത്തിൽ സംസ്ഥാന സർക്കാറിലെ വിവിധ വകുപ്പുകൾ, ഡയറക്ടറേറ്റുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ഹൈകോടതി, അഡ്വക്കറ്റ് ജനറൽ ഓഫിസ്, ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ, തൃശൂരിലെ പൊലീസ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലും ഭരണ നിർവഹണ രീതികൾ പരിചയപ്പെടാൻ സൗകര്യമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.