എട്ട് ജില്ലകളിൽ സീനിയർ അധ്യാപകർക്ക് പൂർണ അധിക ചുമതല;105 ഹൈസ്കൂളുകളിൽ പ്രധാനാധ്യാപകരില്ല
text_fieldsകൽപറ്റ: കേരളത്തിലെ എട്ട് ജില്ലകളിലെ 105 സർക്കാർ ഹൈസ്കൂളുകൾ പ്രവർത്തിക്കുന്നത് പ്രധാനാധ്യാപകർ ഇല്ലാതെ. കൊല്ലത്ത് ആറ്, കോട്ടയത്ത് 28, ഇടുക്കിയിൽ 17, എറണാകുളത്ത് ഒന്ന്, പാലക്കാട്ട് ആറ്, കോഴിക്കോട് മൂന്ന്, വയനാട്ടിൽ 21, കണ്ണൂരിൽ 23 എന്നിങ്ങനെ സ്കൂളുകളിലാണ് പ്രധാനാധ്യാപകർ ഇല്ലാത്തത്. ഇവിടങ്ങളിൽ സീനിയർ അധ്യാപകർക്ക് പ്രധാനാധ്യാപകന്റെ പൂർണ അധികചുമതലയാണ് നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ഈ അധ്യാപകർ തങ്ങളുടെ നിലവിലുള്ള തസ്തികയിലെ ജോലിക്ക് തടസ്സം വരാത്തവിധം പ്രധാനാധ്യാപകന്റെ അധികചുമതല വഹിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
12 വർഷത്തെ സർവിസ്, വകുപ്പുതല പരീക്ഷ വിജയം, കെ.ഇ.ആർ (കേരള എജുക്കേഷൻ ആക്ട് ആൻഡ് റൂൾസ്) പരീക്ഷ വിജയം എന്നിവയാണ് പ്രധാനാധ്യാപകന് വേണ്ട യോഗ്യതകൾ. യോഗ്യരായവരുടെ പി.എസ്.സി പട്ടിക നിലവിൽ എല്ലാ ജില്ലകളിലുമുണ്ട്.
എന്നാൽ, ഇതിൽനിന്ന് നിയമനം നടത്താത്തതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഈ ജൂലൈയിൽ നടക്കാനിരിക്കുന്ന വകുപ്പുതല പരീക്ഷയെഴുതുന്ന ഭരണാനുകൂല സംഘടനാ ജീവനക്കാരെ നിയമിക്കാനാണ് നിലവിലുള്ള പട്ടിക പരിഗണിക്കാതിരിക്കുന്നതെന്നാണ് ആക്ഷേപം.
ആഴ്ചയിൽ 22-28 മണിക്കൂർ വരെയാണ് ഹൈസ്കൂൾ അധ്യാപകന് ക്ലാസെടുക്കേണ്ടത്. പ്രധാനാധ്യാപകന്റെ പൂർണചുമതല ലഭിക്കുന്നവരും അവരുടെ എല്ലാ ക്ലാസുകളും മുടക്കമില്ലാതെയെടുക്കണം. ഇതിനുപുറമെ എച്ച്.എം എന്ന നിലയിലുള്ള വകുപ്പുതല യോഗങ്ങൾ, മറ്റ് പരിശീലന പരിപാടികൾ, സ്കൂളിലെ മറ്റ് ചുമതലകൾ തുടങ്ങിയവയും നിർവഹിക്കണം. ഇത് കുട്ടികളുടെ ബന്ധപ്പെട്ട വിഷയങ്ങളിലെ ക്ലാസുകളെ ഗുരുതരമായി ബാധിക്കും.
ഇടുക്കി, വയനാട് തുടങ്ങി തോട്ടംതൊഴിലാളികളും ആദിവാസികളും ഏറെയുള്ള ജില്ലകളിൽ ഇത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കും. നിലവിൽ വിദ്യാഭ്യാസ മേഖലയിൽ ഏറെ പിന്നാക്കം നിൽക്കുന്ന വയനാട്ടിൽ ആകെയുള്ള 62 സർക്കാർ ഹൈസ്കൂളുകളിൽ 21ലും മുതിർന്ന അധ്യാപകന് എച്ച്.എമ്മിന്റെ പൂർണ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്.
ഇതിൽ കല്ലൂർ, കണിയാമ്പറ്റ, ചീരാൽ, വെള്ളാർമല, മീനങ്ങാടി, വൈത്തിരി, തൃശ്ശിലേരി, മാതമംഗലം, തോൽപെട്ടി, തിരുനെല്ലി, കാട്ടിക്കുളം തുടങ്ങിയ സ്കൂളുകളിൽ നല്ലൊരു ശതമാനം കുട്ടികളും ഗോത്രവിഭാഗത്തിൽനിന്നുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.