അവാർഡുകൾക്ക് 10.50 ലക്ഷം മാത്രം, ചടങ്ങിന് 44.5 ലക്ഷം; ലളിതകല അക്കാദമിയിൽ ധൂർത്ത്
text_fieldsതൃശൂർ: ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് സർക്കാറിന് അവമതിപ്പുണ്ടാക്കിയ ലളിതകല അക്കാദമി രണ്ടാം പിണറായി സർക്കാറിനും തലവേദനയാവുന്നു. അക്കാദമിയിൽ വഴിവിട്ട ധൂർത്തെന്നാണ് ആക്ഷേപം. ഒടുവിലായി പുറത്ത് വന്നിരിക്കുന്നത് ഈ വർഷത്തെ അവാർഡ് പരിപാടിക്കായി 55 ലക്ഷം ചെലവഴിക്കാനുള്ള തീരുമാനമാണ്.
വിവിധ വിഭാഗങ്ങളിലുള്ള അവാർഡുകൾക്കായി വേണ്ടത് 10.50 ലക്ഷം മാത്രമാണ്. ബാക്കി 44.5 ലക്ഷം രൂപ സംഘാടന ചെലവിലേക്കാണ്. 10 ലക്ഷത്തിന്റെ അവാർഡ് നൽകാൻ അരക്കോടിയുടെ സംഘാടനചെലവ് അക്കാദമിയുടെ ചരിത്രത്തിൽതന്നെ ഇതാദ്യമാണത്രെ. ക്ഷണക്കത്ത്, കാറ്റലോഗ് എന്നിവ അച്ചടിക്കാൻ 16 ലക്ഷമാണ് ചെലവിടുന്നത്.
ഡിസൈനർക്ക് മൂന്നര ലക്ഷം രൂപയാണ് പ്രതിഫലം. കഴിഞ്ഞവർഷം ഒന്നേകാൽ ലക്ഷം രൂപക്ക് തയാറാക്കിയ പന്തലിന് ഈ വർഷം (അതേ വലിപ്പത്തിലുള്ള പന്തലും അതേ സംഘവും തന്നെ ) മൂന്നര ലക്ഷത്തിനാണ് നൽകിയിരിക്കുന്നത്.
കഴിഞ്ഞവർഷം 1.43 ലക്ഷത്തിന് ലൈറ്റ് ആൻഡ് സൗണ്ട് കരാർ എടുത്ത അതേ ഗ്രൂപ്പിൽനിന്ന് അത്രയും തന്നെ ലൈറ്റ് ആൻഡ് സൗണ്ടിന് ഇത്തവണ ക്വട്ടേഷൻ വാങ്ങിയത് 3.25 ലക്ഷത്തിനാണ്. കഴിഞ്ഞവർഷം തന്നെ തുക ഉയർന്നതാണെന്ന ആരോപണമുയർന്നതാണെന്നിരിക്കെയാണ് ഈ വർഷം ഇരട്ടി തുക ചെലവിടുന്നത്. ഇതോടൊപ്പം ഏഴ് ലക്ഷത്തിന്റെ ടീ ഷർട്ട് കൂടി പുതിയതായി വാങ്ങി.
മുമ്പ് വാങ്ങിയത് എറണാകുളം ദർബാർ ഹാളിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഭരണസമിതി ഭാരവാഹിയുടെ സുഹൃത്തിനാണ് അവാർഡ് സമർപ്പണചടങ്ങിന്റെ മേൽനോട്ട ചുമതലയത്രെ. ഭരണസമിതിയിലടക്കം ഭിന്നാഭിപ്രായമുയർന്നതാണ് വിവരങ്ങൾ പുറത്ത് വരാനിടയായത്. ധൂർത്ത് സംബന്ധിച്ച വിവരങ്ങളടക്കം കലാകാരന്മാർ സി.പി.എം നേതൃത്വത്തിനും സാംസ്കാരിക മന്ത്രിക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.